ജവാൻ സിനിമയിൽ ഷാരൂഖ് ഖാൻ ആടിത്തകർത്ത ‘സിന്ദാ ബന്ദാ’ ഗാനത്തിന് നടൻ മോഹൻലാൽ ചുവടുകൾ തീർത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ മോഹൻലാലിന്റെ പ്രകടനത്തെ പ്രശംസിച്ച് ഷാരൂഖ് ഖാൻ തന്നെ രംഗത്തെത്തിയിരുന്നു. നിങ്ങൾ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ഞാൻ ചെയ്തിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി എന്നായിരുന്നു താരം എക്സിലെ പോസ്റ്റിൽ പറഞ്ഞിരുന്നത്. മോഹൻലാലിനൊപ്പമുള്ള അത്താഴത്തിനായി കാത്തിരിക്കുന്നു എന്നും താരം പോസ്റ്റിൽ പറഞ്ഞിരുന്നു.
എന്നാൽ ഇതിന് മറുപടി എന്നരീതിയിൽ മോഹൻലാലും എക്സിൽ പോസ്റ്റുമായെത്തി. നിങ്ങളെ പോലെ അത് ആർക്കും ചെയ്യാൻ ആകില്ലെന്നാണ് മോഹൻലാൽ പറയുന്നത്. കൂടാതെ അത്താഴം മാത്രമതിയോ പ്രഭാത ഭക്ഷണം കൂടിയായലോ എന്നും മോഹൻലാൽ ചോദിക്കുന്നു. പ്രിയ ഷാരുഖ്, താങ്കളെപ്പോലെ മറ്റാർക്കും ചെയ്യാൻ കഴിയില്ല. അനുകരണം പോലും അസാധ്യമാകും വിധം നിങ്ങളെപ്പോഴും സ്വന്തം ശൈലിയിൽ ശരിക്കും ജീവിക്കുന്ന വ്യക്തിയാണ്. നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി. ഡിന്നർ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു ‘സിന്ദാ ബന്ദാ’ വേണ്ടേ?” എന്നാണ് ഷാരൂഖിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ട് മോഹൻലാൽ എക്‌സിൽ കുറിച്ചത്.
ഉടൻ തന്നെ എസ്ആർകെ മറുപടിയും നൽകി എവിടെ വെച്ച് വേണം എന്നായിരുന്നു താരത്തിന്റെ ചോദ്യം. ഇതിന് മോഹൻലാൽ മറുപടിയും നൽകി. മോഹൻലാലിന്റെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്താമെന്നായിരുന്നു താരത്തിന്റെ എക്സ് പോസ്റ്റ്. എന്റെ വസതി ആതിഥ്യം വഹിക്കാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു മോഹൻലാലിന്റെ എക്സ് പോസ്റ്റ്. താരങ്ങളുടെ എക്സിലെ ചാറ്റ് ആരാധകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വനിത ഫിലിം അവാർഡ്സ് വേദിയിലായിരുന്നു മോഹൻലാലിന്റെ അത്യുഗ്രൻ പ്രകടനം. ജയിലർ സിനിമയിലെ ‘ഹുകും’, പഠാൻ സിനിമയിലെ ‘സിന്ദാ ബന്ദാ’ പാട്ടിനുമാണ് മോഹൻലാൽ ചുവടുവച്ചത്. ഇതിന്റെ വീഡിയോ ഫാൻസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുൾപ്പെടെ തരംഗമാവുകയും ചെയ്തിട്ടുണ്ട്.