തെഹ്റാൻ: 200ലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന്‍റെ വധശിക്ഷ ഇറാൻ നടപ്പാക്കി. മുഹമ്മദ് അലി സലാമത്ത് എന്ന 43കാരനെയാണ് ഇറാൻ പരസ്യമായി തൂക്കിലേറ്റിയത്.
അലി സലാമത്ത് 200-ലധികം സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ഉൾപ്പെടെ കുറ്റകൃത്യങ്ങൾ ചെയ്തുവെന്ന് ഹമദാനിലെ ജുഡീഷ്യറി മേധാവി പറഞ്ഞു. വിവാഹ വാഗ്ദനം നൽകിയും സൗഹൃദം നടിച്ചും ബലപ്രയോഗത്തിലൂടെയുമെല്ലാമാണ് ഇയാൾ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയത്. ഇയാളുടെ ഇരകളിൽ മൂന്ന് പേർ ആത്മഹത്യ ചെയ്തിരുന്നു.
ജനുവരിയിലാണ് ഇയാൾ അറസ്റ്റിലായത്. 200 ഓളം ലൈംഗികാതിക്രമക്കേസുകൾ ഇയാൾക്കെതിരെ ഫയൽ ചെയ്യപ്പെട്ടു. തങ്ങളെ ആക്രമിച്ചതിന്‍റെ തെളിവുകൾ പലരും നൽകുകയും ചെയ്തു. മേയിൽ ഇയാൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. കേസുകൾ ആദ്യം പരിഗണിച്ച കോടതി തന്നെ വധശിക്ഷ വിധിച്ചു.
പിന്നീട് പ്രതിയുടെ അഭിഭാഷകർ ഒന്നിലധികം അപ്പീൽ നൽകിയെങ്കിലും ഒടുവിൽ സുപ്രീംകോടതിയുടെ 39-ാം ബ്രാഞ്ച് ഒക്ടോബറിൽ വധശിക്ഷ ശരിവെക്കുകയുമായിരുന്നു. ഒടുവിൽ ഇന്നലെ രാവിലെ ആറിന് ഹമദാനിലെ ബാഗേ ബെഹേഷ്തിൽ വെച്ച് പ്രതിയെ പരസ്യമായി തൂക്കിക്കൊന്നു.