ഉക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലിൻസ്കി, ഡിസംബർ മാസം ഒൻപതാം തീയതി, ചൊവ്വാഴ്ച്ച, ലിയോ പതിനാലാമൻ പാപ്പായെ സന്ദർശിക്കുകയും, കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പാപ്പായുടെ വിശ്രമ വസതി സ്ഥിതി ചെയ്യുന്ന കാസ്ൽ ഗന്ധോൾഫോയിൽ വച്ചാണ് കൂടിക്കാഴ്ച്ച നടത്തിയത്.
കൂടിക്കാഴ്ചയുടെ അവസരത്തിൽ, സൗഹാർദ്ദപരമായ സംഭാഷണം പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചത്, ഉക്രൈനിലെ യുദ്ധസാഹചര്യങ്ങളെക്കുറിച്ചായിരുന്നുവെന്നു പ്രെസ് ഓഫീസ് വ്യക്തമാക്കി. സംഭാഷണം തുടരേണ്ടതിന്റെ ആവശ്യകത പരിശുദ്ധ പിതാവ് ആവർത്തിക്കുകയും നയതന്ത്ര സംരംഭങ്ങൾ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷ പുതുക്കുകയും ചെയ്തുവെന്നും, ഓഫീസ് കൂട്ടിച്ചേർത്തു.
യുദ്ധത്തടവുകാരുടെ പ്രശ്നത്തെക്കുറിച്ചും, ഉക്രേനിയൻ കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംഭാഷണത്തിൽ പ്രത്യേകം അടിവരയിട്ടു.



