നെയ്‌റോബി: കെനിയയിലെ തീരദേശ മേഖലയായ ക്വാലെയിൽ ചൊവ്വാഴ്ച പുലർച്ചെ ചെറുവിമാനം തകർന്നുവീണു. മസായി മാര നാഷനൽ റിസർവിലേക്കുള്ള യാത്രാമധ്യേ 12 പേർ മരിച്ചതായി സംശയിക്കുന്നതായി അധികൃതർ പറഞ്ഞു.
ഡയാനി എയർസ്ട്രിപ്പിൽനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ വനത്തിനടുത്തുള്ള കുന്നിൻ പ്രദേശത്താണ് അപകടമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. യാത്രക്കാർ എല്ലാവരും വിദേശ വിനോദസഞ്ചാരികളാണ്. അവർ ഏത് രാജ്യക്കാരാണെന്ന് പിന്നീട് സ്ഥിരീകരിക്കുമെന്നും ക്വാലെ കൗണ്ടി കമീഷണർ സ്റ്റീഫൻ ഒറിൻഡെ പറഞ്ഞു.
സെസ്‌ന കാരവൻ വിഭാഗത്തിൽപ്പെട്ട വിമാനത്തിൽ 12 പേർ ഉണ്ടായിരുന്നുവെന്നും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും കെനിയ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. എത്ര യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു എന്നതിന്റെ കൃത്യമായ കണക്കുകൾ വ്യക്തമല്ല. പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം വിമാനം തകർന്നുവീണ് തീപിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് കത്തിക്കരിഞ്ഞ വിമാനാവശിഷ്ടങ്ങളും ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഉച്ചത്തിലുള്ള സ്‌ഫോടനം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു, സംഭവസ്ഥലത്ത് എത്തിയപ്പോൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി.



