പ്യോങ്‌യാങ്: കെ-പോപ്പ് പാട്ടുകളും സിനിമയും കേൾക്കുകയും മറ്റുള്ളവർക്ക് പങ്കിടുകയും ചെയ്തതിന് 22 കാരനെ പൊതുമധ്യത്തിൽ വധിച്ച് ഉത്തരകൊറിയ. ദക്ഷിണ കൊറിയയുടെ ഏകീകരണ മന്ത്രാലയം പുറത്ത് വിട്ട മനുഷ്യാവകാശ റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്.
റിപ്പോർട്ട് പ്രകാരം ദക്ഷിണ ഹ്വങ്ഹായിലെ യുവാവിന്റെ വധശിക്ഷയാണ് പരസ്യമായി നടപ്പിലാക്കിയത്. ഇയാൾ 70 ഓളം ദക്ഷിണ കൊറിയൻ (കെ-പോപ്പ്) പാട്ടുകളും 3 സിനിമകളും കണ്ടതായും അവ മറ്റുള്ളവർക്കും അയച്ച് നൽകിയതായും അധികാരികൾ കണ്ടെത്തി. എതിർശക്തികളുടെ ആശയവും സംസ്കാരവും നിരോധിച്ചുകൊണ്ടുള്ള 2020 ലെ ഉത്തരകൊറിയൻ നിയമപ്രകാരം ഇയാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ പൊതുമധ്യത്തിൽ വധശിക്ഷ നടപ്പിലാക്കുകയായിരുന്നു.
ദക്ഷിണ കൊറിയയുടെ പോപ്പ് സംസ്കാരം പിന്തുടരുന്നത് പാശ്ചാത്യ ശക്തികളുടെ തെറ്റായ സ്വാധീനമായാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ കണക്കാക്കുന്നത്. ദക്ഷിണ കൊറിയയുടെ സിനിമ മേഖലയെയും സംഗീതത്തെയും പ്രതിനിധാനം ചെയ്യുന്ന കെ-പോപ്പിനും കെ-ഡ്രാമകൾക്കും ആഗോളതലത്തിൽ തന്നെ വലിയ പ്രചാരമാണുള്ളത്.
കിംഗ് ജോങ് ഉന്നിന്റെ അധികാരികൾ കൃത്യമായ ഇടവേളകളിൽ പൗരന്മാരുടെ ഫോണുകൾ പരിശോധിക്കാറുണ്ട്. പാശ്ചാത്യ സ്വാധീനമുള്ള പേരുകളോ വീഡിയോകളോ ചിത്രങ്ങളോ ശ്രദ്ധയിൽ പെട്ടാൽ അവർ ദേശദ്രോഹികളായി മാറി വധിക്കപ്പെടാൻ അധിക സമയം എടുക്കില്ല. കല്യാണത്തിന് വധു വെള്ള വസ്ത്രം ധരിക്കുന്നതും വരൻ വധുവിനെ എടുക്കുന്നതും, സൺഗ്ലാസ് ധരിച്ച് പുറത്തിറങ്ങുന്നതും മദ്യം കഴിക്കാൻ വൈൻ ഗ്ലാസ് ഉപയോഗിക്കുന്നതും എല്ലാം കുറ്റകരമാണ്.
ഹെയർ സ്റ്റൈലുകൾ, മുടിയിൽ ചായങ്ങൾ തേയ്‌ക്കുന്നത്, അന്യഭാഷയിലുള്ള ടി ഷർട്ടുകൾ ധരിക്കുന്നത് എന്നിവയെല്ലാം ഉത്തരകൊറിയയിൽ കഠിന ശിക്ഷകൾ ലഭിക്കാവുന്ന മുതലാളിത്ത ഫാഷൻ രീതികളാണ്.