ഫാ. ജിനു തെക്കേത്തലക്കൽ,
വത്തിക്കാൻ സിറ്റി: രണ്ട് അയൽ രാജ്യങ്ങളായ ക്യൂബയും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് തനിക്ക് ലഭിക്കുന്നതെന്ന വാക്കുകളോടെ, ഇരു രാജ്യങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനയോടെ, ലിയോ പതിനാലാമൻ പാപ്പാ ഫെബ്രുവരി മാസം ഒന്നാം തീയതി, വത്തിക്കാൻ ചത്വരത്തിൽ പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനകൾക്ക് ശേഷം സംസാരിച്ചു.
ജനുവരി 30-ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരീബിയൻ ദ്വീപിലേക്ക് എണ്ണ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന രാജ്യങ്ങൾക്ക് കസ്റ്റംസ് തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു നിർവാഹക ഉത്തരവിൽ ഒപ്പുവച്ചതിനെത്തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ഏറെ രൂക്ഷമായത്.
എല്ലാ നേതാക്കളോടും ആത്മാർത്ഥവും ഫലപ്രദവുമായ സംഭാഷണം പ്രോത്സാഹിപ്പിക്കാനും, അക്രമങ്ങളും, പ്രിയപ്പെട്ട ക്യൂബൻ ജനതയുടെ കഷ്ടപ്പാടുകൾ വർദ്ധിപ്പിക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കുവാനും പാപ്പാ ഏവരെയും ക്ഷണിക്കുകയും, അഭ്യർത്ഥിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ക്യൂബയിലെ മെത്രാന്മാർക്കൊപ്പം, പാപ്പാ തന്റെയും പങ്കു അറിയിച്ചു. പരിശുദ്ധ അമ്മയുടെ മാതൃ സംരക്ഷണത്തിന് ഏവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.
ജനുവരി 31 ശനിയാഴ്ച, കരീബിയൻ ദ്വീപിലെ മെത്രാന്മാർ, ക്യൂബയിലെ നല്ലവരായ ജനതയെ അഭിസംബോധന ചെയ്ത ഒരു സന്ദേശത്തിൽ, വഷളായിക്കൊണ്ടിരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ സ്ഥിതിയിൽ തങ്ങളുടെ ആഴമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സാമൂഹിക തകർച്ചയുടെ യഥാർത്ഥ അപകടസാധ്യതയെക്കുറിച്ചും മെത്രാന്മാർ പരാമർശിച്ചു.



