വത്തിക്കാന്‍ :പട്ടിണി അവസാനിപ്പിക്കുകയെന്നത് ഏവരുടെയും ധാർമ്മികമായ ഒരു ഉത്തരവാദിത്വമാണെന്നും, ഇന്നും ലക്ഷക്കണക്കിനാളുകൾ പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കേണ്ടിവരുന്നത് നാമുൾപ്പെടുന്ന മാനവികതയുടെ പരാജയമാണെന്നും ലിയോ പതിനാലാമൻ പാപ്പാ. ലോകത്ത് പട്ടിണിക്കെതിരെ പോരാടുവാൻ വേണ്ടി ഐക്യരാഷ്ട്രസഭ രൂപം നൽകിയ “ഭക്ഷ്യ കാർഷിക സംഘടന” (FAO)-യുടെ റോമിലുള്ള കേന്ദ്രത്തിൽ ഒക്ടോബർ 16 വ്യാഴാഴ്ച രാവിലെ നടത്തിയ തന്റെ പ്രഭാഷണത്തിൽ, പട്ടിണിയും പോഷകാഹാരക്കുറവും പോലെയുള്ള തിന്മകൾ അവസാനിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് പാപ്പാ ആഹ്വാനം ചെയ്തു. ലോകഭക്ഷ്യദിനത്തിന്റെയും ഫാവോ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഭക്ഷ്യ കാർഷിക സംഘടന സ്ഥാപിക്കപ്പെട്ടതിന്റെ എൺപതാം വാർഷികത്തിന്റെയും കൂടി പശ്ചാത്തലത്തിലാണ് പാപ്പാ ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവച്ചത്.
ലോകത്ത് ശുദ്ധജലവും ഭക്ഷണവും ചികിത്സയും സുരക്ഷിതമായ പാർപ്പിടവും വിദ്യാഭ്യാസവും ലഭിക്കാത്ത അനേകലക്ഷം ജനങ്ങളുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഇത്തരം ആളുകളുടെ നിരാശയും കണ്ണീരും ദുരിതവും കണ്ടില്ലെന്ന് നടിക്കാൻ നമുക്കാകില്ലെന്ന് പ്രസ്താവിച്ചു. പട്ടിണിയെ ഒരു യുദ്ധ ആയുധമായി കണക്കാക്കി മറ്റുള്ളവർക്കെതിരെ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
ഉക്രൈൻ, ഗാസ, ഹൈറ്റി, അഫ്ഗാനിസ്ഥാൻ, മാലി, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, യമൻ, തെക്കൻ സുഡാൻ തുടങ്ങി വിവിധയിടങ്ങളിൽ സംഘർഷങ്ങളും യുദ്ധങ്ങളും മൂലം സഹനത്തിനും മരണത്തിനും വിധിക്കപ്പെട്ട് കഴിയുന്ന ജനതകളെ നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇത്തരം വേദനകളുടെയും ദുരിതങ്ങളുടെയും മുന്നിൽ അന്താരാഷ്ട്രസമൂഹത്തിന് കണ്ണടച്ചിരുട്ടാക്കാനാകില്ലെന്ന് പാപ്പാ പ്രസ്താവിച്ചു.



