ഇസ്‌ലാമാബാദ്: ഇസ്‌ലാമാബാദിലെ ഷിയ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. 169 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജില്ല ഭരണകൂട വക്താവ് അറിയിച്ചു.
തർലായ് ഏരിയയിലെ ഇമാംബർഗ ഖദീജ അൽ-കുബ്രയിലാണ് സ്‌ഫോടനം ഉണ്ടായത്. പരവതാനി വിരിച്ച തറയിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പള്ളിയിലേക്ക് പ്രവേശിക്കുന്ന ഗേറ്റിൽ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ചില ദൃസാക്ഷികൾ പറയുന്നു.
സ്ഫോടനത്തിന്റെ സ്വഭാവം കൃത്യമായി പറയാനായിട്ടില്ലെന്നാണ് ഇസ്‌ലാമാബാദ് ക്യാപിറ്റൽ ടെറിട്ടറി പൊലീസ് വക്താവ് തഖി ജവാദ് പ്രതികരിച്ചത്. എന്നാൽ, തെളിവുകളും സാഹചര്യങ്ങളും ഒരു ചാവേർ ബോംബറിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.



