ബേൺ: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ സ്കൈ ബാറിൽ വൻ സ്ഫോടനം. നിരവധി പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. സംഭവസമയത്ത് 100 ഓളം ആളുകൾ ബാറിലുണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കുണ്ട്. സ്വിറ്റ്സർലൻഡിലെ ക്രാൻസ് മൊണ്ടാനയിലെ ലെ കോൺസ്റ്റലേഷൻ എന്ന ബാറിലാണ് വ്യാഴാഴ്ച പുലർച്ചെ സ്ഫോടനം ഉണ്ടായതെന്ന് സ്വിറ്റ്സർലൻഡ് പൊലീസ് പറഞ്ഞു.
എല്ലാവർഷവും പുതുവത്സരം ആഘോഷിക്കാൻ ആളുകൾ എത്താറുള്ള ബാറാണിത്. വ്യാഴാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം. മരിച്ചവരിൽ ഭൂരിഭാഗവും അവധിക്കാലം ആഘോഷിക്കാൻ ക്രാൻസ്-മൊണ്ടാനയിലെത്തിയ വിനോദസഞ്ചാരികളാണ്. സംഗീത പരിപാടിക്കിടെയുണ്ടായ വെടിക്കെട്ടാണ് സ്ഫോടനത്തിന് കാരണമെന്ന് സ്വിസ് വാർത്താ ഏജൻസിയായ ബ്ലിക്ക് റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിന്റെ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോലീസ്, ഫയർ സർവീസുകൾ, നിരവധി ഹെലികോപ്റ്ററുകൾ എന്നിവ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ദുരിതബാധിതരുടെ ബന്ധുക്കൾക്കായി ഒരു ഹോട്ട്‌ലൈനും തുടങ്ങി. പ്രദേശം പൂർണമായും അടച്ചിട്ടിരിക്കുകയാണെന്നും ക്രാൻസ്-മൊണ്ടാന നിരോധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
സ്വിസ് തലസ്ഥാനമായ ബേണിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ അകലെ, വലൈസ് മേഖലയിലെ ആൽപ്സിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ആഡംബര സ്കീ റിസോർട്ട് നഗരമാണ് ക്രാൻസ്-മൊണ്ടാന.



