പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ചന്നുലാൽ മിശ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്റെ ബനാറസ് ഘരാന സ്കൂളിന്‍റെ വക്താവായിരുന്നു അദ്ദേഹം. പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ നാലരയോടെ ഉത്തർ പ്രദേശിൽ മിർസപൂരിലെ വീട്ടിലായിരുന്നു അന്ത്യം.
1936 ൽ ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ജനിച്ച അദ്ദേഹം പിന്നീട് വാരാണസിയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. അന്ത്യകർമങ്ങൾ കാശിയിൽ നടക്കും. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ വാരാണസിയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
പിതാവിന്റെ ആരോഗ്യനില ബുധനാഴ്ച രാത്രിയോടെ വഷളാവുകയായിരുന്നുവെന്നും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും ചന്നുലാൽ മിശ്രയുടെ ഇളയമകൾ ഡോ. നമ്രത മിശ്ര പറഞ്ഞു. മകനും തബല വിദ്വാനുമായ പണ്ഡിറ്റ് രാംകുമാർ മിശ്ര ഡൽഹിയിലാണുള്ളത്. അടിയന്തരമായി വിമാന ടിക്കറ്റ് ലഭിക്കാത്തതിനാൽ റോഡ് മാർഗം പുറപ്പെട്ട അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെ വാരാണസിയിലെത്തും.



