തെൽ അവീവ്: സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ തുൻബർഗിനെ ഇസ്രായേൽ ഇന്ന് നാടുകടത്തും. ഗ്രേറ്റക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 70 പേരെയും ഇസ്രായേൽ നാടുകടത്തും. ഫ്ലോട്ടില്ല കപ്പലിൽ ഗസ്സക്ക് സഹായവുമായി എത്തിയവരെയാണ് നാടുകടത്തുന്നത്.
ഇസ്രായേലി ഡിറ്റക്ഷൻ സെന്ററുകളിൽ നിന്നും മോചിപ്പിക്കുന്ന ഇവരെ ഗ്രീസിലേക്കായിരിക്കും മാറ്റുക. അവിടെ നിന്ന് അതാത് തരാജ്യങ്ങളിലെ സർക്കാറുകൾ ഇവരെ കൊണ്ട് പോകും. ഇന്ന് നാടുകടത്തുന്നതിൽ 28 പേർ ഫ്രഞ്ച് പൗരൻമാരാണ് 27 ഗ്രീക്കുകാരും 15 ഇറ്റാലിയൻ പൗരൻമാരും ഒമ്പത് സ്വീഡിഷ് പൗരൻമാരേയും ഇന്ന് നാടുകടത്തുന്നുണ്ട്.
‘ടോയ്‍ലറ്റ് വെള്ളം കുടിക്കാൻ നൽകി, തോക്ക് ചൂണ്ടി, നിലത്ത് വലിച്ചിഴച്ചു, ഇസ്രായേൽ പതാകയിൽ ചുംബിക്കാൻ നിർബന്ധിച്ചു’;
ഇസ്രായേൽ സൈന്യത്തിന്റെ കസ്റ്റഡിയിൽ തങ്ങൾ നേരിട്ട ക്രൂര അനുഭവങ്ങൾ തുറന്ന് പറഞ്ഞ് കൂടുതൽ ഫ്ലോട്ടില ആക്ടിവിസ്റ്റുകൾ രംഗത്ത്.
ഫലസ്തീനികൾക്ക് പ്രതീകാത്മക സഹായം നൽകാൻ പോയ ഫ്രീഡം ഫ്ലോട്ടില ബോട്ടുകളിലെ 450 ഓളം മനുഷ്യാവകാശ പ്രവർത്തകരെയാണ് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിക്കുകയും ഒടുവിൽ നാടുകടത്തപ്പെടുകയും ചെയ്ത ആക്ടിവിസ്റ്റുകളാണ് ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതകൾ വിവരിക്കുന്നത്.
വലിയ പീഡനമാണ് തങ്ങൾക്ക് ഏൽക്കേണ്ടിവന്നതെന്ന് റോമിലെ ഫിയുമിസിനോ വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോൾ ഇറ്റാലിയൻ ആക്ടിവിസ്റ്റ് സിസേർ ടോഫാനി പറഞ്ഞു.
‘ഞങ്ങള്‍ ടോയ്‌ലറ്റിലെ വെള്ളം കുടിച്ചെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റുമോ? ചിലയാളുകള്‍ രോഗികളായിരുന്നു, പക്ഷേ അവരെ നോക്കി അവര്‍ മരിച്ചോയെന്നായിരുന്നു ഇസ്രയേലികള്‍ ചോദിച്ചത്. അവര്‍ ക്രൂരന്മാരായ മനുഷ്യരാണ്’-എന്നാണ് മലേഷ്യൻ ഗായകരും അഭിനേതാക്കളുമായ ഹെലിസ ഹെൽമിയും ഹസ്‌വാനി ഹെൽമിയും പറഞ്ഞത്.



