ബോട്‌സ്വാനയിലെ കടുത്ത വരള്‍ച്ചയില്‍ കുളങ്ങള്‍ വരണ്ടുണങ്ങി ചെളി മാത്രം അവശേഷിച്ചതോടെ എങ്ങോട്ടും പോകാനാകാതെ ഹിപ്പോപൊട്ടാമസുകള്‍ ഉഷ്ണിച്ച് മരിക്കുന്നതായി റിപ്പോര്‍ട്ട്. വരണ്ടുണങ്ങിയ കുളങ്ങളിലെ ചെളിയില്‍ പുതഞ്ഞുപോയ ഹിപ്പോകൂട്ടങ്ങള്‍ വൈകാതെ ചത്തൊടുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വംശനാശ ഭീഷണി നേരിടുന്ന ഹിപ്പോകള്‍ കൂട്ടമായി ചത്തൊടുങ്ങാനിരിക്കുന്നത് പരിസ്ഥിതി പ്രവര്‍ത്തകരേയും ആശങ്കയിലാക്കുന്നുണ്ട്. തെക്കന്‍ ആഫ്രിക്കയെ വലയ്ക്കുന്ന കടുത്ത വരള്‍ച്ച വിളവെടുപ്പിനെ ബാധിച്ചതായും മിക്ക രാജ്യങ്ങളും കടുത്ത പട്ടിണിയിലൂടെ കടന്നുപോകുന്നതായും വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
വടക്കന്‍ ബോട്‌സ്വാനയിലെ ഒകവാംഗോ ഡെല്‍റ്റയ്ക്ക് സമീപത്തെ തമലകനെ നദി വറ്റിപ്പോയത് ഹിപ്പോപൊട്ടാമസുകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയാണ്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹിപ്പോപൊട്ടാമസുകളുള്ള സ്ഥലങ്ങളിലൊന്നാണ് ബോട്‌സ്വാന.
കട്ടിയുള്ള തൊലിയായതിനാല്‍ പൊതുവേ ഈര്‍പ്പമുള്ള പ്രദേശങ്ങളിലാണ് ഹിപ്പോകള്‍ വിഹരിക്കാറ്. വെള്ളമില്ലാതാകുന്നതോടെ ഹിപ്പോകള്‍ അക്രമാസക്തരാകുകയും വെള്ളം തേടി ഗ്രാമങ്ങളില്‍ ഇറങ്ങുകയും ചെയ്യുന്നു. എല്‍ നിനോ പ്രതിഭാസത്തിന്റെ ഫലമായാണ് ബോട്‌സ്വാന കടുത്ത വരള്‍ച്ച നേരിടുന്നത്.