ചണ്ഡിഗഡ്: രേഖകൾ വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് കാനഡയിൽ പഠനത്തിനെത്തി 700 ഇന്ത്യൻ വിദ്യാർഥികളോടു മടങ്ങാൻ നിർദേശം. വിദ്യാഭ്യാസസ്ഥാപനത്തിലേക്കുള്ള അഡ്മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനാലാണ് വിദ്യാർഥികൾക്കു നാടുകടത്തൽ നിർദേശം നൽകിയത്.
പ്ലസ്ടുവിനുശേഷം ജലന്ധറിലെ എഡ്യുക്കേഷൻ മൈഗ്രേഷൻ സർവീസസ് മുഖേന സ്റ്റുഡന്റ് വീസയിൽ കാനഡയിലെത്തിയ വിദ്യാർഥികളാണു വഞ്ചിതരായത്.ബ്രിജേഷ് മിശ്ര എന്നയാളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം കാനഡയിലെ ഹംബർ കോളജിൽ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷനായി ഓരോ വിദ്യാർഥിയിൽനിന്നും 16 മുതൽ 20 വരെ ലക്ഷം രൂപയാണ് വാങ്ങിയത്.
രണ്ടു വർഷത്തെ കോഴ്സും അതിനുശേഷം വർക്ക് പെർമിറ്റും എന്നതായിരുന്നു വ്യവസ്ഥ. എന്നാൽ, വിദ്യാർഥികൾ കോളജിൽ എത്തിയപ്പോഴാണു തട്ടിപ്പ് അറിഞ്ഞത്. ഇവിടെ ഒരു കോഴ്സിലും ഒഴിവുണ്ടായിരുന്നില്ല. വിദ്യാർഥികൾക്കു നൽകിയ അഡ്മിഷൻ ഓഫർ ലെറ്ററുകൾ വ്യാജവുമായിരുന്നു.