തെൽ അവീവ്: ഞായറാഴ്ച കൈമാറുന്ന ബന്ദികളുടെ വിവരങ്ങൾ നൽകാതെ വെടിനിർത്തൽ നടപ്പാക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതേസമയം, സാങ്കേതിക കാരണങ്ങളാലാണ് പട്ടിക കൈമാറാൻ വൈകുന്നതെന്ന് ഹമാസ് അറിയിച്ചു. കരാറിലെ വ്യവസ്ഥകൾ പാലിക്കുമെന്നും അവർ വ്യക്തമാക്കി.
വെടിനിർത്തൽ കരാർ പ്രകാരം കൈമാറുന്ന ബന്ദികളുടെ പേര് 24 മണിക്കൂർ മുമ്പ് നൽകണമെന്നാണ്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 8.30ന് കരാർ പ്രാബല്യത്തിൽ വരുമെന്നാണ് ഖത്തർ അറിയിച്ചിട്ടുള്ളത്. അതാണിപ്പോൾ വൈകുന്നത്. മൂന്ന് ബന്ദികളെയാണ് ഞായറാഴ്ച കൈമാറുക. ഇവരുടെ പേര് വിവരങ്ങളാണ് ഹമാസ് നൽകാത്തത്.
അതേസമയം, ഹമാസ് കരാർ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നും ഗസ്സയിൽ ആക്രമണം തുടരുമെന്നും ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗേരി പറഞ്ഞു.