ലണ്ടന്‍: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ യാത്രികരുമായിപ്പോകാറുള്ള ജലപേടകം അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായി. പൈലറ്റുള്‍പ്പെടെ അഞ്ചുപേര്‍ക്കിരിക്കാവുന്ന പേടകമാണിത്. പേടകത്തില്‍ ആളുണ്ടെന്നും അവരെ രക്ഷിക്കാനാണ് ശ്രമമെന്നും യാത്രയുടെ സംഘാടകരായ യു.എസ്. കമ്പനി ഓഷന്‍ഗേറ്റ് എക്സ്പഡീഷന്‍സ് അറിയിച്ചു.
അറ്റ്ലാന്റിക് സമുദ്രോപരിതലത്തില്‍നിന്ന് 3800 മീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക് ഉറച്ചിരിക്കുന്നത്. കാനഡയുടെ ന്യൂഫൗണ്ട്ലാന്‍ഡ് തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ഇതുള്ളത്. ടൈറ്റാനിക് കാണാനുള്ള ആഴക്കടല്‍ യാത്രയ്ക്ക് ഒരാളില്‍നിന്ന് രണ്ടരലക്ഷം ഡോളറാണ് (രണ്ടുകോടി രൂപ) കമ്പനി ഈടാക്കുന്നത്. എട്ടുദിവസമാണ് പര്യടനം. 1912-ല്‍ ബ്രിട്ടനിലെ സതാംപ്റ്റണില്‍നിന്ന് യു.എസിലെ ന്യൂയോര്‍ക്കിലേക്ക് 2200 പേരുമായി പുറപ്പെട്ട ടൈറ്റാനിക് മഞ്ഞുമലയിലിടിച്ച് മുങ്ങുകയായിരുന്നു. യാത്രക്കാരില്‍ 1500-ലേറെപ്പേര്‍ മരിച്ചു. കപ്പലിന്റെ കന്നിയാത്രയായിരുന്നു അത്.
1985-ല്‍ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയതുമുതല്‍ ഒട്ടേറെ പര്യവേക്ഷണങ്ങള്‍ നടക്കുന്നുണ്ട്. 800 മീറ്റര്‍ അകലത്തില്‍ രണ്ടുകഷണങ്ങളായാണ് കപ്പലിന്റെ കിടപ്പ്. കപ്പലിന്റെ പൂര്‍ണവലുപ്പത്തിലുള്ള ആദ്യ ഡിജിറ്റല്‍ സ്‌കാന്‍ ചിത്രങ്ങള്‍ കഴിഞ്ഞമാസം പുറത്തുവന്നിരുന്നു.