അബൂദബി: ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണമെത്തിക്കാൻ ഇടപെടൽ ശക്തമാക്കി യു.എ.ഇ. ഇതു സംബന്ധിച്ച് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എസ്സന്നദ്ധ സംഘടനയായ വേൾഡ് സെൻട്രൽ കിച്ചൺ മേധാവി എരിൻ ഗോറും ചർച്ച ചെയ്തു.
അബൂദബിയിലെ ഖസ്ർ അൽ വത്നിൽ നടന്ന കൂടിക്കാഴ്ചയിൽ ഗസ്സയിലേക്ക് കര, വ്യോമ, സമുദ്ര പാതകളിലൂടെ കൂടുതൽ ഭക്ഷണം എത്തിക്കാനുള്ള സഹകരണത്തിനും ധാരണയായി.ഗസ്സയിലടക്കം ലോകത്താകമാനം ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി വേൾഡ് സെൻട്രൽ കിച്ചൺ നടത്തുന്ന സേവനങ്ങളെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. കൂട്ടായ്മയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ യു.എ.ഇ പ്രതിഞജാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീൻ ജനതക്ക് സഹായമെത്തിക്കുന്നതിൽ യു.എ.ഇ നടത്തിയ ഇടപെടലുകളെ എരിൻ ഗോർ പ്രകീർത്തിച്ചു. വേൾഡ് സെൻട്രൽ കിച്ചൻ യു.എ.ഇയും സൈപ്രസുമായി സഹകരിച്ച് നടത്തിയ സംയുക്ത നീക്കത്തിൽ കഴിഞ്ഞ ദിവസം സമുദ്ര ഇടനാഴി വഴി ആദ്യ കപ്പൽ ഗസ്സയിലെത്തിയിരുന്നു. ദുരിതമനുഭവിക്കുന്നവർക്ക് എത്തിക്കാനുള്ള 200ടൺ ഭക്ഷ്യ വസ്തുക്കളും മറ്റുമാണ് കപ്പലിലുണ്ടായിരുന്നത്. അതിനിടെ സമുദ്ര ഇടനാഴി വഴി വീണ്ടും സഹായമെത്തിക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കൂടിക്കാഴ്ചയിൽ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ, അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റിം ബിൻത്ഇബ്രാഹീം അൽ ഹാഷിമി എന്നിവരും സന്നിഹിതരായിരുന്നു.