ബർമിങാം : ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത എസ് എം വൈ എം വൂൾവർ ഹാംപ്ടണിൽ വച്ച് സംഘടിപ്പിച്ച യുവജന സംഗമം (ഹന്തൂസാ- ആനന്ദം -2024) ആവേശ കടലായി മാറി. ഇംഗ്ലണ്ട് വെയിൽസ് സ്കോഡ് ലൻഡ് എന്നിവ ഉൾപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഇടവകകളിൽ നിന്നും വിവിധ മിഷനുകളിൽനിന്നും എത്തിയ 1600ഓളം യുവജനങ്ങൾ പങ്കെടുത്ത സംഗമം ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ചരിത്രത്തിലും നാഴികക്കല്ലായിമാറി. യൂറോപ്പിൽ ഇത്രയും മലയാളി യുവജനങ്ങളെ പങ്കെടുപ്പിച്ച് നടന്ന ആദ്യ പരിപാടി എന്ന നിലയിൽ സിറോ മലബാർ സഭയിക്കും ഇത് അഭിമാന നിമിഷം.
ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയിൽ നടന്ന നടന്ന സമ്മേളനം സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. “സഭയുടെ ഏറ്റവും വലിയ സമ്പത്ത് യുവജനങ്ങളാണെന്നും അവരുടെ പരിപോഷണത്തിനു വേണ്ടിയാണ് സഭയുടെ എല്ലാ വിഭവങ്ങളുംഉപയോഗിക്കേണ്ടതെന്നും ദൈവ രാജ്യത്തിൻറെ വളർച്ചയിൽ ഫലപ്രദമായി പ്രവർത്തിക്കാൻ യുവജനങ്ങളെ അനുവദിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു. സഭയുടെ തനതായ പാരമ്പര്യത്തിൽ അടിയുറച്ചു നിന്നുകൊണ്ട് ഏത് സാഹചര്യത്തിലും വിശ്വാസം ഉറക്ക പ്രഘോഷിക്കാനും യഥാർഥ ആനന്ദമായ ഈശോയോടൊപ്പം ജീവിതത്തിലെ സന്തോഷങ്ങളെ ചേർത്തുവയ്ക്കാനും ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അധ്യക്ഷ പ്രസംഗത്തിൽ യുവജനങ്ങളോട് പറഞ്ഞു.
പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും കത്തോലിക്ക വചന പ്രഘോഷകനുമായ മിസ്റ്റർ ബ്രണ്ടൻ തോംസൺ സമ്മേളനത്തിൽമുഖ്യ പ്രഭാഷണം നടത്തി. പ്രോട്ടോ സിഞ്ചല്ലൂസ് റവ ഡോ.ആൻറണി ചുണ്ടലിക്കാട്ട്, പാസ്റ്ററൽ കോഓഡിനേറ്റർ ഡോ.ഫാ. ടോം ഓലികരോട്ട്, ഫാദർ ജോർജ് ചേലക്കൽ, യൂത്ത് കമ്മീഷൻ സെക്രട്ടറി ജിറ്റോ ഡേവിഡ് ചിറ്റിലപ്പള്ളി, അലൻ ജോസി മാത്യു, ജോയൽ ടോമി, ആൻഡ്രിയ ജോർജ്,ജൂഡിൻ ജോജി. റിറ്റി ടോമിച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച പരിശുദ്ധ കുർബാന, ഗ്രേറ്റ് ബ്രിട്ടൻ രൂപത എസ് എം വൈ എം മ്യൂസിക് ബാൻഡിൻ്റെ ‘ ഉദ്ഘാടനവും മ്യൂസിക് മിനിസ്ട്രി തുടങ്ങിയവ ‘ഹന്തൂസാ’യെഅവിസ്മരണീയമാക്കി. ഗ്രേറ്റ് ബ്രിട്ടൻ രൂപത എസ് എം വൈ എം ഡയറക്ടർ റവ ഫാദർ ജോസഫ് മുക്കാട്ട് സ്വാഗതവും സെക്രട്ടറി അഞ്ചുമോൾ ജോണി നന്ദിയും പ്രകാശിപ്പിച്ചു.