ഗസ്സ: ഒക്ടോബർ ഏഴിന് ഹമാസ് തടവിലാക്കിയ രണ്ടുപേരെ മോചിപ്പിച്ചതായി ഇസ്രായേൽ. ഫെർണാണ്ടോ സിമോൺ മർമാൻ, ലൂയിസ് ഹർ എന്നീ ബന്ദികളെ 50 പേരെ വധിച്ച നാടകീയമായ ഓപറേഷനിലൂടെ മോചിപ്പിച്ചതായാണ് ഇസ്രായേൽ അവകാശവാദം. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സൈനിക നേതൃത്വം വ്യക്തമാക്കി. ഹമാസ് ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. വിജയം വരെ സൈനിക സമ്മർദം തുടരുന്നതിലൂടെ ബന്ദികളെ മോചിപ്പിക്കാൻ കഴിയുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു.
ഒക്ടോബർ ഏഴിന് ഇസ്രായേലിൽ കടന്നുകയറി നടത്തിയ മിന്നലാക്രമണത്തിൽ 250ഓളം പേരെ ഹമാസ് ബന്ദിയാക്കിയെന്നാണ് റിപ്പോർട്ട്. ഇതിൽ 100 പേരെ ഡിസംബറിൽ വെടിനിർത്തൽ കരാറിന്റെ ഭാഗമായി മോചിപ്പിച്ചിരുന്നു. നാലുമാസത്തിനിടെ ആദ്യമായാണ് സൈനിക നടപടിയിലൂടെ ബന്ദികളെ മോചിപ്പിച്ചതായ അവകാശവാദം. അതിനിടെ അമേരിക്കയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും മുന്നറിയിപ്പ് അവഗണിച്ച് ഗസ്സയിലെ റഫയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. 24 മണിക്കൂറിനിടെ നൂറിലേറെ പേരെ കൊലപ്പെടുത്തി. 14 വീടുകളും മൂന്ന് മസ്ജിദും ബോംബിട്ട് തകർത്തു. മസ്ജിദിലെ ആക്രമണത്തിൽ 63 പേർ കൊല്ലപ്പെട്ടു. ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 28,340 ആയി. 67,984 പേർക്ക് പരിക്കേറ്റു.