ജറുസലം : ഇറാഖിൽ ഇറാനുമായി ബന്ധമുള്ള സായുധ ഷിയാ സംഘടനയുടെ ഉന്നത നേതാവും 3 കൂട്ടാളികളും യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കിഴക്കൻ ബഗ്ദാദിൽ സംഘടനയുടെ ആസ്ഥാനത്തിനുനേരെയുണ്ടായ റോക്കറ്റാക്രമണത്തിലാണ് മുഷ്താഖ് താലിബ് അൽസെയ്ദി കൊല്ലപ്പെട്ടത്. ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം ഇറാഖിലെ യുഎസ് സേനാത്താവളങ്ങൾക്കുനേരെ തുടർച്ചയായി നടന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് യുഎസ് വ്യക്തമാക്കി. ഇറാഖിലെ ഷിയാസംഘടനകളുടെ കൂട്ടായ്മയുടെ ഉപമേധാവിയാണു കൊല്ലപ്പെട്ട അൽസെയ്ദി. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഡ്രോൺ ആക്രമണത്തിൽ ഹമാസ് ഉപമേധാവി സാലിഹ് അൽ അരൂരി കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്.
ഗാസയിൽ രാത്രി മുഴുവനും ബോംബാക്രമണവും പകൽ പീരങ്കിയാക്രമണവും രൂക്ഷമായി തുടരുന്നു; 24 മണിക്കൂറിൽ ഇസ്രയേൽ ആക്രമണത്തിൽ 125 പലസ്തീൻകാർ കൊല്ലപ്പെട്ടു. 318 പേർക്കു പരുക്കേറ്റു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ അൽ മവാസിയിൽ അഭയാർഥി ക്യാംപുകൾക്കു നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ 9 കുട്ടികൾ അടക്കം 14 പലസ്തീൻകാർ കൊല്ലപ്പെട്ടു.