ന്യൂഡൽഹി: കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികളുടെ വീസാ വ്യവസ്ഥകളിൽ ഉൾപ്പെടെ മാറ്റം വരുത്താൻ തീരുമാനിച്ചിരിക്കുകയാണ് കാനഡ, ഓസ്ട്രേലിയ തുടങ്ങി പല രാജ്യങ്ങളും. ഇന്ത്യൻ വിദ്യാർത്ഥികൾക്കു വീസ അനുവദിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പുതിയ പല മാനദണ്ഡങ്ങളും പല രാജ്യങ്ങളും കൊണ്ടുവന്നിരുന്നു.
വിദ്യാർത്ഥി വീസ അനുവദിക്കുന്നതിനു മുൻപുള്ള പരിശോധന ഈ മാസം കാനഡയിൽ പ്രാബല്യത്തിലായി. വിദ്യാർത്ഥികൾക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന ഓഫർ ലെറ്റർ യഥാർത്ഥമാണോയെന്ന് കാനഡ ഇമിഗ്രേഷൻ ഏജൻസിയായ ഐആർസിസി നേരിട്ടു പരിശോധിച്ചുറപ്പിക്കും. വ്യാജ ഓഫർ ലെറ്റർ വഴി റിക്രൂട്ടിങ് ഏജൻസികൾ വിദ്യാർത്ഥികളെ വഞ്ചിക്കുന്നതു തടയാനാണിത്. വ്യാജ ഓഫർ ലെറ്ററുമായി വിദ്യാർത്ഥി വീസ നേടിയ എഴുനൂറോളം പഞ്ചാബി വിദ്യാർത്ഥികളെ നാടുകടത്താൻ കാനഡ ഈ വർഷമാദ്യം തീരുമാനിച്ചിരുന്നു. ബിരുദാനന്തര വർക്ക് പെർമിറ്റ് (പിജിഡബ്ല്യുപി) അനുവദിക്കുന്നതിലും ഇടപെടാൻ ഐആർസിസി തീരുമാനിച്ചിട്ടുണ്ട്.