Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldഇറാൻ ഭീഷണി; മറ്റ് മേഖലകളിലും സൈനീക നീക്കം നടത്തുമെന്ന് ഇസ്രയേൽ

ഇറാൻ ഭീഷണി; മറ്റ് മേഖലകളിലും സൈനീക നീക്കം നടത്തുമെന്ന് ഇസ്രയേൽ

ഗാസസിറ്റി: ഇറാൻ ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ മറ്റുമേഖലകളിലും സൈനീക നീക്കങ്ങൾക്ക് ഒരുങ്ങുന്നതായി ഇസ്രയേൽ. ഏപ്രിൽ ഒന്നിന് സിറിയയിലെ കോൺസുലേറ്റിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ ഒരുങ്ങുന്നുവെന്ന ആശങ്കകൾക്കിടയിലാണ് നെതന്യാഹുവിൻ്റെ പ്രഖ്യാപനം.

ആക്രമണത്തിൽ ഉന്നത ഇറാനിയൻ ജനറലും മറ്റ് ആറ് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇറാൻ പിന്തുണയുള്ള ഹമാസിനെതിരെ ആറ് മാസം മുമ്പ് ഗാസ മുനമ്പിൽ യുദ്ധം ആരംഭിച്ച ഇസ്രയേൽ ഡമാസ്‌കസിലെ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പെൻ്റഗൺ അത് സംബന്ധിച്ച സൂചന നൽകിയിരുന്നു.

ഗാസയിൽ രാജ്യം യുദ്ധം തുടരുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാൻ ഇസ്രായേലിനെ ആക്രമിക്കാൻ തയ്യാറെടുക്കുന്നുവെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മറ്റു മേഖലകളിൽ സൈനീക നീക്കം നടത്താൻ ഒരുങ്ങുകയാണെന്നും നെതന്യാഹു വ്യക്തമാക്കി.

സംഘർഷവുമായി ബന്ധപ്പെട്ട് ഏപ്രിൽ 13 വരെ ടെഹ്‌റാനിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ നിർത്തിവച്ചതായി ജർമ്മനിയിലെ ലുഫ്താൻസ എയർലൈൻ അറിയിച്ചിട്ടുണ്ട്. വിമാന ജീവനക്കാർക്ക് ടെഹ്റാനിൽ ഇറങ്ങാനും രാത്രി അവിടെ തങ്ങാനും കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം എന്നാണ് ലുഫ്താൻസ അധികൃതർ അറിയിച്ചത്. ലുഫ്താൻസയെ കൂടാതെ ഓസ്ട്രിയൻ എയർലൈൻസും രാത്രിയിൽ ടെഹ്റാനിൽ തങ്ങുന്ന് ഒഴിവാക്കി കൊണ്ടുള്ള സമയക്രമം തയ്യാറാക്കി വ്യാഴാഴ്ച ടെഹ്‌റാനിലേക്ക് പറക്കാൻ പദ്ധതിയിടുന്നുണ്ടെന്നു വക്താവ് അറിയിച്ചു.

ജർമ്മനിയുടെ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെക്കുറിച്ച് ഇറാനിയൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച ചെയ്തു. ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും സംയമനം പാലിക്കാനും എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുകയും ചെയ്തു.റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് മിഡിൽ ഈസ്റ്റിലേക്ക് പ്രത്യേകിച്ച് ഇസ്രയേൽ, ലെബനൻ, പലസ്തീൻ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളോട് സംയമനം പാലിക്കണമെന്ന് മോസ്കോയും ആവശ്യപ്പെട്ടു. മേഖലയിലെ സ്ഥിതിഗതികൾ പൂർണ്ണമായി അസ്ഥിരപ്പെടുത്താതിരിക്കാൻ എല്ലാവരും സംയമനം പാലിക്കേണ്ടത് ഇപ്പോൾ വളരെ പ്രധാനമാണെന്ന് റോയിട്ടേഴ്‌സ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിനെ ചുണ്ടിക്കാട്ടി പറഞ്ഞു.

ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ മൂന്ന് ആൺമക്കൾ കൊല്ലപ്പെട്ടതിനെ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും അപലപിച്ചു. പലസ്തീൻ ഗ്രൂപ്പായ ഹമാസിനെയും ലെബനനിലെ ഹിസ്ബുള്ളയെയും പോലുള്ള ഇസ്രയേൽ വിരുദ്ധ തീവ്രവാദ സംഘടനകളെ ഇറാൻ പിന്തുണയ്ക്കുന്നുവെന്നാണ് ഇസ്രയേലിൻ്റെയും സഖ്യകക്ഷികളുടെയും ആരോപണം. ഇറാൻ്റെ ഭീഷണിയ്ക്കിടയിലും ഇസ്രയേലിനുള്ള അമേരിക്കയുടെ പിന്തുണ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ആവർത്തിച്ചു.

‘ഇറാൻ്റെയും അവരുടെ പിന്തുണയുള്ള നിഴൽയുദ്ധക്കാരുടെയും ഭീഷണികൾക്കെതിരെ ഇസ്രയേലിൻ്റെ സുരക്ഷയ്ക്കായുള്ള അമേരിക്കയുടെ പ്രതിബദ്ധത ഇരുമ്പ് പോലെ ഉറച്ചതാണ്’. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജോബൈഡൻ പറഞ്ഞു. ഇറാൻ ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ആക്രമണങ്ങൾ നടത്താൻ ലെബനനിലെ ഹിസ്ബുള്ളയെയും യെമനിലെ ഹൂതികളെയും പോലുള്ള അവരുടെ നിഴൽയുദ്ധ സംഘങ്ങളെ ഉപയോഗിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments