തെൽ അവീവ്: ഗസ്സ വെടിനിർത്തൽ -ബന്ദി മോചന ചർച്ചകൾക്കായി എത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ നാലു ദിവസത്തെ പശ്ചിമേഷ്യൻ സന്ദർശനം കഴിഞ്ഞ് മടങ്ങി. വെടിനിർത്തൽ നിർദേശം അംഗീകരിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മേൽ സമ്മർദം ചെലുത്തൽ സന്ദർശന ലക്ഷ്യമായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, പൂർണ വിജയം നേടാതെ യുദ്ധം നിർത്തില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചത് ബ്ലിങ്കന് മുഖത്തേറ്റ അടിയായാണ് മാധ്യമങ്ങൾ വിലയിരുത്തുന്നത്.
സൗദി, ഖത്തർ, ഈജിപ്ത് സന്ദർശന ശേഷം അദ്ദേഹം ഇസ്രായേലിൽ എത്തിയ ദിവസമാണ് നെതന്യാഹു വാർത്തസമ്മേളനം നടത്തി എല്ലാ മധ്യസ്ഥശ്രമങ്ങളും തള്ളിയത്. നെതന്യാഹുവിന്റെ കടുംപിടിത്തം യു.എസും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിൽ വരെ വിള്ളലുണ്ടാക്കിയതായി രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
ഗസ്സ യുദ്ധത്തിന്റെ തുടക്കം മുതൽ ഇസ്രായേലിന് പൂർണ പിന്തുണയും സൈനിക-സാമ്പത്തിക സഹായവും നൽകിയ സഖ്യകക്ഷിയാണ് അമേരിക്ക. എന്നാൽ, സംഘർഷം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന് യു.എസ് ഇപ്പോൾ കരുതുന്നു. ബന്ദി മോചനത്തിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് ഇസ്രായേലിനകത്തും അഭിപ്രായമുണ്ട്. എന്നാൽ, തീവ്രവലതുപക്ഷത്തിന്റെ പിന്തുണയോടെ ഭരിക്കുന്ന നെതന്യാഹുവിന് വിട്ടുവീഴ്ചക്ക് കഴിയില്ല. യുദ്ധം അവസാനിച്ചാൽ അദ്ദേഹത്തിന് ഭരണം വിട്ടൊഴിയേണ്ടി വരുമെന്നതാണ് സ്ഥിതി.
ഇസ്രായേലിന്റെ കടുംപിടിത്തത്തിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡനും അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ചെങ്കടലിലെ ഹൂതികളുടെ അക്രമം ചെറുക്കാൻ കഴിയാത്തതും അറബ് രാജ്യങ്ങളുമായി ബന്ധം വഷളാകുന്നതും പശ്ചിമേഷ്യയിലെ പിടി അയയുന്നതും യു.എസിനെ സമ്മർദത്തിലാക്കുന്നു. യു.എസിൽ ബൈഡൻ ഭരണകൂടത്തിന്റെ ജനപ്രീതി ഗണ്യമായി കുറയാനും ഗസ്സയിലെ ക്രൂരതകൾക്ക് നൽകിയ പിന്തുണ കാരണമായി.