ഗസ്സ: സ്വതന്ത്ര രാഷ്ട്രമെന്ന ഫലസതീനിന്റെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നത്തിന് ചിറകുനൽകുന്ന സുപ്രധാന പ്രഖ്യാപനമാണ് ഇന്ന് സ്പെയിൻ, നോർവേ, അയർലൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങൾ നടത്തിയത്. ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം പ്രഖ്യാപിച്ച ഈ രാജ്യങ്ങൾ വിമോചനശ്രമങ്ങൾക്ക് ഗതിവേഗം പകരുമെന്ന് തീർച്ച.
വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഫലസ്തീനികളുടെ പരമാധികാരം അംഗീകരിക്കുന്നതാണ് ഫലസ്തീൻരാഷ്ട്ര അംഗീകാരം. ദ്വിരാഷ്ട്ര പരിഹാരം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഫലസ്തീനികളും ഇതിനെ കാണുന്നത്. ഐക്യരാഷ്ട്ര സഭയുടെ 193 അംഗ രാജ്യങ്ങളിൽ 143 പേരും നിലവിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നവരാണ്. അടുത്ത ചൊവ്വാഴ്ച സ്പെയിനും നോർവേയും അയർലൻഡും നടപടികൾ പൂർത്തിയാക്കുന്നതോടെ എണ്ണം 146 ആയി ഉയരും.