വാഷിംഗ്‌ടൺ: ഗാസയിൽ അൽമവാസി ക്യാമ്പുകളിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ക്രൂരമായ ആക്രമണത്തെ ശക്തമായി വിമർശിച്ച് അമേരിക്കയും ബ്രിട്ടനും ഐക്യ രാഷ്ട്ര സഭയും രംഗത്ത്. ഇസ്രയേൽ നടത്തിയ സിവിലിയൻ കുരുതിയെ ന്യായീകരിക്കാനാവില്ലെന്ന് അമേരിക്കയും ബ്രിട്ടനും പ്രതികരിച്ചു. 45 പേരുടെ മരണത്തിനും അറുപതിലേറെ പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ആക്രമണം അങ്ങേയറ്റം നടുക്കം സൃഷ്ടിക്കുന്നതാണെന്നാണ് യു എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ് പറഞ്ഞത്.
ഗാസയിൽ വെടിനിർത്തൽ നീളുന്നത് ആപൽക്കര സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അറബ് ലീഗ്, ഒ.ഐ.സി കൂട്ടായ്മകളും കൂട്ടക്കുരുതിയെ അപലപിച്ചു. ഇസ്രയേലിന്റെ കൊടും ക്രൂരതക്കെതിരെ അന്തർദേശീയ സമൂഹം ഇടപെടൽ നടത്തണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.അത്യുഗ്ര ശേഷിയുള്ള ബോംബുകളാണ് അൽമവാസി ക്യാമ്പിൽ തീതുപ്പിയത്. രണ്ടായിരം പൗണ്ട് അമേരിക്കൻ നിർമിത ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.