വാഷിങ്ടൺ: യു.എസ് ഒരിക്കലൂടെ വീറ്റോ ചെയ്യുമെന്ന ആശങ്കയുടെ പേരിൽ നീണ്ടുപോയി യു.എൻ രക്ഷാസമിതി വെടിനിർത്തൽ പ്രമേയം. യു.എ.ഇ കൊണ്ടുവന്ന പ്രമേയം തിങ്കളാഴ്ച സഭയിലെത്തേണ്ടതായിരുന്നെങ്കിലും ഇസ്രായേലിനുവേണ്ടി യു.എസ് വീറ്റോ ചെയ്യുമെന്നതിനാൽ മുടങ്ങുകയായിരുന്നു. ഒരു ദിവസം നീട്ടിയ പ്രമേയ ചർച്ച പിന്നെയും നീണ്ട് ബുധനാഴ്ചയിലെത്തി.
പ്രമേയത്തിലെ ഉപാധികൾ സംബന്ധിച്ച ചർച്ച തുടരുകയാണെന്നായിരുന്നു ഇതിനെക്കുറിച്ച് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ കിർബിയുടെ പ്രതികരണം. ഹമാസ് ഒക്ടോബർ ഏഴിന് എന്ത് ചെയ്തുവെന്നും സ്വയം പ്രതിരോധം ഇസ്രായേലിന് എത്രത്തോളം പ്രധാനമാണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്നും മാനുഷിക സഹായം തടസ്സങ്ങളില്ലാതെ ഗസ്സയിലേക്ക് ഒഴുകണമെന്നും അറബ് രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയം ആവശ്യപ്പെടുന്നു. ശത്രുത അടിയന്തരമായും ദീർഘകാലത്തേക്കും ഇല്ലാതാക്കുകയെന്ന പ്രമേയത്തിലെ പദം യു.എസ് സമ്മർദത്തെതുടർന്ന് ‘ശത്രുത വൈകാതെ താൽക്കാലികമായി നിർത്തിവെക്കണ’മെന്നാക്കി മാറ്റിയിട്ടുണ്ട്.
സഹായങ്ങൾ യു.എൻ മേൽനോട്ടത്തിലാകണമെന്നതും അംഗീകരിക്കാനാകില്ലെന്നാണ് യു.എസ് നിലപാട്. ഹമാസിനെ ഇല്ലാതാക്കൽ എന്ന ഇസ്രായേൽ നയത്തിനൊപ്പമാണ് യു.എസ്. സഹായ ട്രക്കുകൾ ഇസ്രായേൽ പരിശോധന നടത്തി പരിമിതമായി കടത്തിവിടുന്നത് യു.എൻ നിയന്ത്രണത്തിലേക്ക് മാറുന്നത് അംഗീകരിക്കാനാകില്ലെന്നും യു.എസ് വ്യക്തമാക്കുന്നു. രക്ഷാസമിതി പ്രമേയം പാസായാൽ നിയമംമൂലം നടപ്പാക്കൽ ബാധ്യതയാണെങ്കിലും പലപ്പോഴും അത് സംഭവിക്കാറില്ല.