ബ്രസ്സല്‍സ്: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി കഴിഞ്ഞയാഴ്ച ജയിലില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെതിരായ ആരോപണങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നതിനിടയില്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ തിങ്കളാഴ്ച (ഫെബ്രുവരി 19) റഷ്യന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി, പുതിയ ഉപരോധങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി.
പാരീസിലെ റഷ്യന്‍ അംബാസഡറെ വിളിച്ചുവരുത്തിയെന്ന് നിലവില്‍ അര്‍ജന്റീനയിലേക്കുള്ള നയതന്ത്ര യാത്രയിലുള്ള വിദേശകാര്യ മന്ത്രി സ്റ്റെഫാന്‍ സെജോര്‍ണ്‍ സ്ഥിരീകരിച്ചു.
റഷ്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നിശ്ചയിച്ചെന്ന് അദ്ദേഹം ഒരു പത്രസമ്മേളനത്തില്‍ അറിയിച്ചു, വ്ളാഡിമിര്‍ പുടിന്റെ ഭരണകൂടം അതിന്റെ യഥാര്‍ത്ഥ സ്വഭാവം ഒരിക്കല്‍ കൂടി കാണിച്ചുവെന്ന് സ്റ്റെഫാന്‍ സെജോര്‍ണ്‍ കുറ്റപ്പെടുത്തി.
നോര്‍വേയുടെ വിദേശകാര്യ മന്ത്രാലയവും റഷ്യന്‍ അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം തേടിയതായി പ്രസ്താവന ഇറക്കി.
അലക്സി നവല്‍നിയുടെ മരണത്തെക്കുറിച്ച് സംസാരിക്കാന്‍ വിദേശകാര്യ മന്ത്രാലയം റഷ്യന്‍ അംബാസഡറെ വിളിച്ചിട്ടുണ്ട്. സംഭാഷണത്തില്‍, മരണത്തിന്റെ റഷ്യന്‍ അധികാരികളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും സുതാര്യമായ അന്വേഷണം സുഗമമാക്കുന്നതിനെക്കുറിച്ചും നോര്‍വീജിയന്‍ കാഴ്ചപ്പാടുകള്‍ അറിയിക്കും,” മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു.
പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വീണ്ടും തന്റെ അധികാരം ഉപയോഗിച്ച് രാജ്യത്തെ സ്വാതന്ത്ര്യം ഇല്ലാതാക്കിയതിനാല്‍ മോസ്‌കോയ്ക്കെതിരെ പുതിയ ഉപരോധം നിര്‍ദ്ദേശിക്കുകയാണെന്ന് ജര്‍മ്മനി പറഞ്ഞു.
‘സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങുകയോ പത്രങ്ങളില്‍ എഴുതുകയോ ചെയ്യുന്ന സ്വന്തം പൗരന്മാരെ റഷ്യന്‍ പ്രസിഡന്റ് അടിച്ചമര്‍ത്തുന്ന ക്രൂരമായ ശക്തി നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് പറഞ്ഞു.
‘അലക്‌സി നവല്‍നിയുടെ മരണത്തിന്റെ വെളിച്ചത്തില്‍ റഷ്യയ്ക്കുമേല്‍ പുതിയ ഉപരോധങ്ങള്‍ നിര്‍ദ്ദേശിക്കുമെന്നും അന്നലീന ബെയര്‍ബോക്ക് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം തടവുശിക്ഷ 19 വര്‍ഷത്തേക്ക് നീട്ടിയ നവല്‍നിയുടെ മരണത്തിന് റഷ്യന്‍ അധികാരികളെ കുറ്റപ്പെടുത്തുന്നതില്‍ വെസ്റ്റേണ്‍ ബ്ലോക്ക് ഏകകണ്ഠമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നവല്‍നി റഷ്യന്‍ പ്രസിഡന്റിനെതിരെ തെരുവ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുകയും മോസ്‌കോയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിരന്തരം ലക്ഷ്യമിടുന്ന ശക്തമായ ഒരു പ്രതിപക്ഷം കെട്ടിപ്പടുക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ജയിലില്‍ അടയ്ക്കപ്പെട്ടത്