സാൾട്ട് ലേക്ക് സിറ്റി: സ്വന്തം ഭർത്താവിനെ മാരകമായ മയക്കുമരുന്ന് നൽകി കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ യു.എസ് എഴുത്തുകാരി കൂരി റിച്ചൻസിന് (35) പരോളില്ലാത്ത ജീവപര്യന്തം നൽകണമെന്ന് മക്കൾ കോടതിയിൽ ആവശ്യപ്പെട്ടു. അമ്മ ജയിൽ മോചിതയായാൽ തങ്ങളുടെ ജീവന് ഭീഷണിയാണെന്നും തങ്ങൾ സുരക്ഷിതരല്ലെന്നും മക്കൾ ജഡ്ജിയോട് പറഞ്ഞു. ബുധനാഴ്ച ശിക്ഷാവിധി വരാനിരിക്കെയാണ് പ്രോസിക്യൂഷൻ മെമ്മോയിലൂടെ മക്കളുടെ മൊഴി പുറത്തുവന്നത്.
2022ൽ പാർക്ക് സിറ്റിയിലെ വസതിയിൽ വെച്ച് ഭർത്താവ് എറിക് റിച്ചൻസിന്റെ കോക്ടെയിലിൽ മാരകമായ അളവിൽ ഫെന്റാനിൽ എന്ന മയക്കുമരുന്ന് കലർത്തിയാണ് കൂരി കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം, പിതാവിന്റെ മരണത്തെ അതിജീവിക്കുന്ന ഒരു കുട്ടിയുടെ കഥ പറയുന്ന ‘ആർ യു വിത്ത് മി?’ എന്ന പുസ്തകം കൂരി പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 2023ൽ അറസ്റ്റിലാകുന്നത് വരെ ഒരു ദുഃഖിതയായ വിധവയായി അഭിനയിക്കുകയായിരുന്നു ഇവർ.
എറിക് മരിക്കുമ്പോൾ ഒൻപത്, ഏഴ്, അഞ്ച് എന്നിങ്ങനെ പ്രായമുണ്ടായിരുന്ന മക്കളാണ് ഇപ്പോൾ അമ്മക്കെതിരെ മൊഴി നൽകിയിരിക്കുന്നത്. ‘അമ്മ പുറത്തിറങ്ങിയാൽ എന്നെയും അനിയന്മാരെയും ഉപദ്രവിക്കുമെന്ന് എനിക്ക് പേടിയുണ്ട്. എനിക്ക് അമ്മയെ മിസ്സ് ചെയ്യുന്നില്ല. അവർ ഞങ്ങളെ എങ്ങോട്ടെങ്കിലും തട്ടിക്കൊണ്ടുപോകുമെന്നും ഉപദ്രവിക്കുമെന്നും ഞാൻ ഭയപ്പെടുന്നു’ മൂത്ത മകൻ പറഞ്ഞു.
‘അച്ഛന്റെ മരണദിവസം അമ്മ തന്റെ മുറിയിൽ കൂടെയുണ്ടായിരുന്നുവെന്ന അവകാശവാദം തെറ്റാണ്. അന്ന് അച്ഛന്റെ കിടപ്പുമുറി പൂട്ടിയ നിലയിലായിരുന്നു. അമ്മ ജയിലിലാണെങ്കിൽ മാത്രമേ എനിക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയൂ’ എന്ന് രണ്ടാമത്തെ മകനും ‘അമ്മ അച്ഛനെ ഞങ്ങളിൽ നിന്ന് തട്ടിയെടുത്തു. അവർ ജയിലിന് പുറത്തുവരുന്നത് എനിക്ക് ആലോചിക്കാനേ കഴിയില്ല’ എന്ന് ഇളയ മകനും മൊഴി നൽകി.
റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിച്ചിരുന്ന കൂരി കോടിക്കണക്കിന് രൂപയുടെ കടബാധ്യതയിലായിരുന്നുവെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. ഭർത്താവിന്റെ പേരിൽ അദ്ദേഹമറിയാതെ കോടികളുടെ ഇൻഷുറൻസ് പോളിസികൾ ഇവർ എടുത്തിരുന്നു. ഭർത്താവ് മരിച്ചാൽ അദ്ദേഹത്തിന്റെ നാല് ദശലക്ഷം ഡോളറിലധികം വരുന്ന സ്വത്ത് കൈക്കലാക്കാമെന്ന വ്യാമോഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തി.
ഭർത്താവിനെ കൊല്ലാനുള്ള ഗൂഢാലോചന, കൊലപാതകം, ഇൻഷുറൻസ് തട്ടിപ്പ്, വ്യാജരേഖ ചമക്കൽ തുടങ്ങി അഞ്ചോളം കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടിട്ടുള്ളത്.
Leave a Comment
Your comment will be visible after admin approval.