അമേരിക്കന്‍ രഹസ്യങ്ങള്‍ ചൈനയ്ക്ക് ചോര്‍ത്തിയ ചാര സുന്ദരി മുൻ മേയർ ഐലീൻ വാങ് കുറ്റസമ്മതം നടത്തി

Global Indian Writer · May 12, 2026 · 1 min read · 0 Comments · 0 Shares

കലിഫോർണിയയിലെ അർക്കേഡിയ നഗര മുൻ മേയർ ഐലീൻ വാങ്, ചൈനീസ് സർക്കാരിന്റെ നിയമവിരുദ്ധ ഏജന്റായി പ്രവർത്തിച്ചുവെന്ന ഗുരുതരമായ കുറ്റാരോപണത്തിൽ കുറ്റസമ്മതം നടത്തി. അമേരിക്കൻ രാഷ്ട്രീയ സിരാകേന്ദ്രങ്ങളെയും പ്രാദേശിക ഭരണകൂടങ്ങളെയും ഞെട്ടിച്ചുകൊണ്ടാണ് തിങ്കളാഴ്ച യുഎസ് നീതിന്യായ വകുപ്പ് (ഡിഒജെ) ഈ വിവരം പുറത്തുവിട്ടത്. ചൈനീസ് സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി അമേരിക്കയിൽ പ്രചരണം നടത്തിയെന്നാണ് ഐലീൻ വാങ്ങിനെതിരെയുള്ള പ്രധാന കണ്ടെത്തൽ. വർഷങ്ങളായി ചൈനീസ് സർക്കാരിനായി രാപകൽ ജോലി ചെയ്യുകയായിരുന്നു ഈ ചാരസുന്ദരി.

സംഭവത്തെത്തുടർന്ന് ഐലീൻ വാങ് അർക്കേഡിയ മേയർ സ്ഥാനം രാജിവെച്ചു. 2022 നവംബറിൽ ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റിൽ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇവർ, അർക്കേഡിയയിലെ പ്രമുഖ രാഷ്ട്രീയ മുഖമായിരുന്നു. എന്നാൽ, ഇവർ നടത്തിയ പ്രവർത്തനങ്ങൾ അമേരിക്കൻ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് എഫ്ബിഐ കണ്ടെത്തി.

നീതിന്യായ വകുപ്പ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 2020 അവസാന പാദം മുതൽ 2022 വരെ ഐലീൻ വാങ് ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് പ്രവർത്തിച്ചിരുന്നത്. യാവോണിങ് ‘മൈക്ക്’ സൺ എന്ന വ്യക്തിയുമായി ചേർന്ന് ഇവർ ചൈനീസ് അനുകൂല പ്രചാരണങ്ങൾക്കായി ഒരു മാധ്യമ ശൃംഖല തന്നെ കെട്ടിപ്പടുത്തു.

‘യുഎസ് ന്യൂസ് സെന്റർ’ എന്ന വെബ്സൈറ്റിലൂടെ പ്രാദേശിക ചൈനീസ്-അമേരിക്കൻ സമൂഹത്തിനിടയിൽ ചൈനീസ് സർക്കാരിന് അനുകൂലമായ വാർത്തകളും ലേഖനങ്ങളും ഇവർ പ്രചരിപ്പിച്ചു. ചൈനീസ് ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട് നിർദേശങ്ങൾ സ്വീകരിക്കുകയും, അവർ ആവശ്യപ്പെടുന്ന ഉള്ളടക്കം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. വിദേശ ഏജന്റായി പ്രവർത്തിക്കുന്നതിന് ആവശ്യമായ നിയമപരമായ റജിസ്ട്രേഷനുകൾ ഒന്നും തന്നെ ഇവർ നടത്തിയിരുന്നില്ല. അമേരിക്കൻ നിയമപ്രകാരം ഒരു വിദേശ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ നിർബന്ധമായും സർക്കാരിൽ റിപ്പോർട്ട് ചെയ്തിരിക്കണം.

Share this story

Leave a Comment

Your comment will be visible after admin approval.