ന്യൂയോർക്കിൽ മലയാളി വള്ളംകളിക്ക് ആവേശത്തുടക്കം; ആറ് ടീമുകൾ രജിസ്റ്റർ ചെയ്തു

Global Indian Writer · September 23, 2026 · 1 min read · 0 Comments · 0 Shares

ന്യൂയോർക്കിൽ മലയാളി വള്ളംകളിക്ക് ആവേശത്തുടക്കം; ആറ് ടീമുകൾ രജിസ്റ്റർ ചെയ്തു ‎ അലക്സ് എസ്തപ്പാൻ ന്യൂയോർക്ക്: ഒക്ടോബർ 25ന് ലോങ്ങ് ഐലൻഡിലെ നോർത്ത് ഹെംപ്‌സ്റ്റെഡ് ബീച്ച് പാർക്കിൽ അരങ്ങേറുന്ന മലയാളി ബോട്ട് റേസിന്റെ ഒരുക്കങ്ങൾക്ക് ആവേശത്തുടക്കം. മത്സരത്തിന്റെ ആദ്യ ഔപചാരിക കമ്മിറ്റി യോഗം സെപ്റ്റംബർ രണ്ടാം വാരത്തിൽ ചേർന്ന് ബോട്ട് റേസിന്റെ നടത്തിപ്പ്, പങ്കെടുക്കുന്ന ടീമുകൾ, വിവിധ സംഘാടക ക്രമീകരണങ്ങൾ എന്നിവ വിശദമായി ചർച്ച ചെയ്തു.

തുടർന്ന് സെപ്റ്റംബർ 20ന് ലോങ്ങ് ഐലൻഡിലെ സന്തൂർ റെസ്റ്റോറന്റിൽ ചേർന്ന രണ്ടാമത്തെ കമ്മിറ്റി യോഗത്തിൽ ബോട്ട് റേസ് കൂടുതൽ മികവോടെയും വിപുലമായും സംഘടിപ്പിക്കുന്നതിനും മത്സരത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി ആഘോഷത്തിന് കൂടുതൽ നിറം പകരുന്നതിനും തീരുമാനമായി. മലയാളി ബോട്ട് റേസ് മാമാങ്കത്തിന്റെ മുഖ്യാതിഥിയായി (Chief Guest) Town Clerk of North Hempstead, Ragini Srivastava പങ്കെടുക്കും.

നിലവിൽ ആറ് ടീമുകൾ മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് ടീമുകൾ കൂടി മത്സരത്തിൽ അണിനിരക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മത്സരം വീറുറ്റതും വിജയകരവുമാക്കാൻ സ്പോൺസർമാരുടെ നിസീമമായ സഹകരണവും പിന്തുണയും കമ്മിറ്റി അഭ്യർഥിച്ചു. ന്യൂയോർക്കിലെ വള്ളംകളി പ്രേമികൾക്കിടയിലും അഭ്യുദയകാംക്ഷികളിലും ആസ്വാദകരിലും നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. വള്ളംകളി പ്രേമികൾ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ളവരെ കൂടി ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി ഉടൻ രൂപീകരിച്ച് തുടർയോഗം ചേരുമെന്നും അവർ വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.