യു.എസിൽ നിയമവിരുദ്ധ ക്ലബ് സ്ഥാപിച്ച് ആയുധ വിൽപ്പന നടത്തിയ പഞ്ചാബിയെ തടവിന് ശിക്ഷിച്ചു

Global Indian Writer · May 13, 2026 · 1 min read · 0 Comments · 0 Shares

കാലിഫോർണിയ: യു.എസിൽ പഞ്ചാബി ഡെവിൾസ് എന്ന പേരിൽ നിയമവിരുദ്ധ മോട്ടോർസൈക്കിൾ ക്ലബ് സ്ഥാപിച്ച് ആയുധ വിൽപ്പന നടത്തിയ പഞ്ചാബിയെ യു.എസ് ഫെഡറൽ കോടതി അഞ്ച് വർഷവും നാല് മാസവും തടവിന് ശിക്ഷിച്ചു. കാലിഫോർണിയയിലെ സ്റ്റോക്ക്ടൺ പ്രദേശത്ത് സ്ഥാപിച്ച ക്ലബ്ബിൽ നിന്ന് നിയമവിരുദ്ധമായി തോക്കുകൾ കൈകാര്യം ചെയ്യുന്നതായും മെഷീൻ ഗൺ കൈവശം വച്ചതായും കണ്ടെത്തിയിരുന്നു.

പഞ്ചാബ് വംശജനായ കാലിഫോർണിയയിലെ ലോഡി നിവാസിയായ ജഷൻപ്രീത് സിങ്ങിനെ (27) യാണ് യു.എസ് ജില്ലാ ജഡ്ജി ഡെയ്ൽ എ ഡ്രോസ്ഡ് ശിക്ഷിച്ചത്. ക്ലബ്ബിനെതിരെ പരാതി ഉയർന്നതിനെത്തുടർന്ന് 2025ൽ ജഷൻപ്രീത് സിങ് ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ ശ്രമിച്ചിരുന്നു. വിമാനത്തിൽ കയറുന്നതിന് മുമ്പ് സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പിടിയിലായത്.

യു.എസ് നീതിന്യായ വകുപ്പ് നൽകുന്ന വിവരം അനുസരിച്ച് 2025 ജൂൺ 6ന് ഒരു രഹസ്യ ഉദ്യോഗസ്ഥന് വലിയൊരു ആയുധശേഖരം വിൽക്കാൻ സിങ് ശ്രമിച്ചു. ഒരു ഷോർട്ട് ബാരൽ റൈഫിൾ, മൂന്ന് അസോൾട്ട് ആയുധങ്ങൾ, മൂന്ന് മെഷീൻ ഗൺ കൺവേർഷൻ ഉപകരണങ്ങൾ, ഒരു റിവോൾവർ എന്നിവയായിരുന്നു വിൽക്കാൻ ശ്രമിച്ചത്. പ്രതിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ തോക്കുകൾ, മെഷീൻ ഗൺ, സൈലൻസർ, അതിശക്തിയുള്ള സ്ഫോടക വസ്തുക്കൾ തുടങ്ങിയവ കണ്ടെടുത്തു.

Share this story

Leave a Comment

Your comment will be visible after admin approval.