ബ്രസൽസ്∙ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മേൽ ഇറക്കുമതി തീരുവ (Tariff) 25 ശതമാനമായി വർധിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.നിലവിലുള്ള വ്യാപാര കരാറുകൾ യൂറോപ്യൻ യൂണിയൻ ലംഘിക്കുന്നു എന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം. അടുത്ത ആഴ്ച മുതൽ പുതിയ നികുതി നിരക്ക് പ്രാബല്യത്തിൽ വരും.
നിലവിൽ 15 ശതമാനമായിരുന്ന നികുതിയാണ് ഒറ്റയടിക്ക് 25 ശതമാനമായി ഉയർത്തുന്നത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം ഉണ്ടാക്കിയ വ്യാപാര കരാർ യൂറോപ്പ് പാലിക്കുന്നില്ലെന്നാണ് ട്രംപിന്റെ വാദം. എന്നാൽ അമേരിക്കയിൽ നിർമിക്കുന്ന വാഹനങ്ങൾക്ക് ഈ നികുതി ബാധകമാകില്ല.
ബിഎംഡബ്ല്യു (BMW), മെഴ്സിഡസ് ബെൻസ്, ഫോക്സ്വാഗൺ തുടങ്ങിയ ജർമൻ വാഹന നിർമാതാക്കളെയാണ് ഈ നീക്കം ഏറ്റവും കൂടുതൽ ബാധിക്കുക. അമേരിക്ക ജർമനിയുടെ ഏറ്റവും വലിയ വാഹന കയറ്റുമതി വിപണിയാണ്. മേരിക്കയുടേത് വിശ്വസിക്കാൻ കൊള്ളാത്ത നിലപാടാണെന്ന് യൂറോപ്യൻ പാർലമെന്റ് ട്രേഡ് കമ്മിറ്റി ചെയർമാൻ ബെർൻഡ് ലാംഗെ പ്രതികരിച്ചു. സഖ്യകക്ഷികളോട് പെരുമാറേണ്ട രീതി ഇതല്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
മിഡിൽ ഈസ്റ്റിൽ ഇറാൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ അമേരിക്കയും യൂറോപ്പും തമ്മിലുള്ള ബന്ധം വഷളാകുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ തന്നെ ബാധിച്ചേക്കാം. എണ്ണവില വർധനവിന് പിന്നാലെ വാഹനങ്ങൾക്കും വില കൂടുന്നത് പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകും.
∙ വാഹന വ്യവസായം കടുത്ത ആശങ്കയിൽ
ട്രംപിന്റെ ഈ നീക്കം ട്രാൻസ്-അറ്റ്ലാന്റിക് ബന്ധങ്ങളിൽ വലിയ വിള്ളലുണ്ടാക്കുമെന്ന് ജർമൻ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി അസോസിയേഷൻ (VDA) പ്രസിഡന്റ് ഹിൽഡെഗാർഡ് മുള്ളർ പറഞ്ഞു. ഇരുവിഭാഗവും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും അല്ലെങ്കിൽ ഉപഭോക്താക്കൾക്ക് വലിയ വില നൽകേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
Leave a Comment
Your comment will be visible after admin approval.