ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ 40 മണിക്കൂർ ആരാധന

Global Indian Writer · September 30, 2026 · 1 min read · 0 Comments · 0 Shares

ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ഇടവകയുടെ പ്രധാന തിരുനാളിനുള്ള ആത്മീയ ഒരുക്കത്തിന്റെ ഭാഗമായി 40 മണിക്കൂർ ദിവ്യകാരുണ്യ ആരാധന ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 4 ഞായറാഴ്ച വരെ നടത്തപ്പെടുന്നു.

ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 9:00 മണിക്ക് വിശുദ്ധ കുർബാനയോടെയാണ് ദിവ്യകാരുണ്യ ആരാധന ആരംഭിക്കുന്നത്. തുടർന്ന് ഇടവകയിലെ വിവിധ കൂടാരയോഗങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള സമയക്രമമനുസരിച്ച് രണ്ട് മണിക്കൂർ വീതം ആരാധനയ്ക്ക് നേതൃത്വം നൽകും. എന്നാൽ നിശ്ചിത സമയങ്ങളിൽ മാത്രമല്ല, ആരാധന നടക്കുന്ന എല്ലാ സമയങ്ങളിലും വിശ്വാസികൾക്ക് വ്യക്തിപരമായും കുടുംബമായും എത്തി പ്രാർത്ഥിക്കാവുന്നതാണ്.

ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 7:30-നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം നടക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ 40 മണിക്കൂർ ആരാധന സമാപിക്കും. കുട്ടികളെയും യുവജനങ്ങളെയും പ്രത്യേകമായി ഈ ദിവ്യകാരുണ്യ ഭക്തിയിൽ പങ്കെടുപ്പിക്കണമെന്ന് ഇടവക വികാരി കുടുംബങ്ങളോട് അഭ്യർത്ഥിച്ചു.

കത്തോലിക്കാ സഭയുടെ പാരമ്പര്യത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് 40 മണിക്കൂർ ദിവ്യകാരുണ്യ ആരാധന. യേശുക്രിസ്തുവിന്റെ യഥാർത്ഥ സാന്നിധ്യത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനും വ്യക്തിപരമായ മാനസാന്തരത്തിനും കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനും സഭയ്ക്കും ലോകത്തിനും വേണ്ടിയുള്ള പ്രാർത്ഥനയ്ക്കുമായി ഈ ഭക്താചരണം നടത്തപ്പെടുന്നു. ബൈബിളിൽ 40 എന്ന സംഖ്യ പരീക്ഷണം, ശുദ്ധീകരണം, ഒരുക്കം, പുതിയ ദൗത്യത്തിലേക്കുള്ള പ്രവേശനം എന്നിവയുമായി ബന്ധപ്പെട്ട് ആവർത്തിച്ചു വരുന്ന ആത്മീയ പ്രതീകവുമാണ്.

ഈ വർഷത്തെ 40 മണിക്കൂർ ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഒക്ടോബർ 16 മുതൽ 18 വരെ നടക്കുന്ന ഇടവകയുടെ പ്രധാന തിരുനാൾ ആഘോഷങ്ങൾക്ക് ആത്മീയ ഒരുക്കമായാണ് ഈ ദിവ്യകാരുണ്യ ആരാധന ക്രമീകരിച്ചിരിക്കുന്നത്. തിരുനാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വ്യക്തികളും കുടുംബങ്ങളും പ്രാർത്ഥനയിലും മാനസാന്തരത്തിലും ദിവ്യകാരുണ്യ ഭക്തിയിലും ആഴപ്പെടുന്നതിനുള്ള അവസരമായി ഈ ദിവസങ്ങളെ ഉപയോഗിക്കണമെന്ന് ഇടവക വികാരി ഫാ. എബ്രഹാം മുത്തോലത്ത് ആഹ്വാനം ചെയ്തു.

ഇടവകാംഗങ്ങൾ മാത്രമല്ല, എല്ലാ വിശ്വാസികൾക്കും 40 മണിക്കൂർ ആരാധനയിൽ പങ്കെടുത്ത് ദിവ്യകാരുണ്യനാഥന്റെ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.