ഐ.പി.എസ്.എഫ് 2026 കായികമേളയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം; എഡിൻബർഗിൽ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും കായിക വസന്തം

Global Indian Writer · August 8, 2026 · 1 min read · 0 Comments · 0 Shares

മാർട്ടിൻ വിലങ്ങോലിൽ

എഡിൻബർഗ് (ടെക്സസ്): സീറോ മലബാർ സമൂഹത്തിന്റെ വിശ്വാസവും ഐക്യവും സൗഹൃദവും വിളിച്ചോതി നാലു ദിവസം നീണ്ടുനിൽക്കുന്ന ഇന്റർ പാരിഷ് സ്പോർട്സ് ഫെസ്റ്റിവലിന് (IPSF 2026) വർണ്ണാഭമായ തുടക്കം. ഡിവൈൻ മെഴ്‌സി സീറോ മലബാർ ചർച്ച് എഡിൻബർഗിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന മാമാങ്കത്തിൽ ടെക്സസിലെയും ഒക്ലഹോമയിലെയും വിവിധ ഇടവകകളിൽ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും വിശ്വാസികളും അണിനിരന്നു.

ചിക്കാഗോ സീറോ മലബാർ രൂപത പ്രൊക്യൂറേറ്റർ ഫാ. കുര്യൻ നെടുവേലിച്ചാലുങ്കൽ, ഡിവൈൻ മേഴ്സി ഇടവക വികാരിയും ഫെസ്റ്റ് ചെയർമാനുമായ ഫാ. റോയ് മൂലേച്ചാലിൽ, മറ്റു ഇടവകകളിൽ നിന്നുള്ള ബഹുമാനപ്പെട്ട വൈദികരുടെ സാന്നിധ്യവും അനുഗ്രഹ പ്രാർത്ഥനകളും ഉദ്ഘാടനച്ചടങ്ങിന് ആത്മീയ ചൈതന്യം പകർന്നു. തിരുക്കർമ്മങ്ങൾക്കും പ്രാർത്ഥനകൾക്കും ശേഷം വിശിഷ്ടാതിഥികളും ഭാരവാഹികളും ചേർന്ന് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

കായികക്ഷമതയ്ക്കൊപ്പം തലമുറകളെ കോർത്തിണക്കുന്ന സൗഹൃദം:
കേവലം മെഡലുകൾ നേടാനുള്ള മത്സരവേദി എന്നതിലുപരി, തലമുറകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും യുവാക്കളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുമുള്ള വേദിയാണ് IPSF എന്ന് സ്വാഗതപ്രസംഗത്തിൽ ഭാരവാഹികൾ ഓർമ്മിപ്പിച്ചു. വിട്ടുവീഴ്ചയില്ലാത്ത കായികമര്യാദയും പരസ്പര ബഹുമാനവും കാത്തുസൂക്ഷിച്ചുകൊണ്ട് മത്സരങ്ങളിൽ പങ്കെടുക്കാൻ താരങ്ങളോട് ആഹ്വാനം ചെയ്തു.

ഫെസ്റ്റ് ചെയർമാൻ ഫാ. റോയ് മൂലേച്ചാലിൽ, ജനറൽ കൺവീനർ ബിജു ജോസഫ്, ഗെയിം കോർഡിനേറ്റർ ബെൻ കളരിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നിരവധി കമ്മിറ്റികളാണ് ഫെസ്റ്റിന്റെ മേൽനോട്ടം വഹിക്കുന്നത്.

മേളയുടെ വിജയകരമായ നടത്തിപ്പിനായി ഗ്രാന്റ് സ്പോൺസറായ ശ്രീ. ജിബി പാറയ്ക്കലിനെയും, മുഖ്യ പിന്തുണ നൽകുന്ന ‘ലെഗസി ബിസിനസ് ബ്രോക്കേഴ്‌സ്’, ശ്രീ. ജോർജ് ചിറയിൽ എന്നിവരെയും വേദിയിൽ പ്രത്യേകം അഭിനന്ദിച്ചു.

ഗാർലൻഡ്, ഹൂസ്റ്റൺ, കൊപ്പേൽ , പേർലാൻഡ്, ഓസ്റ്റിൻ, ഫ്രിസ്കോ, സാൻ അന്റോണിയോ, ഒക്ലഹോമ, എഡിൻബർഗ് തുടങ്ങിയ പ്രമുഖ ഇടവകകളിൽ നിന്നുള്ള കായികതാരങ്ങളും കോച്ചുകളും രക്ഷിതാക്കളും ഉൾപ്പെടെ വൻ ജനസഞ്ചയമാണ് ഉദ്ഘാടന ദിനത്തിൽ എഡിൻബർഗിലേക്ക് ഒഴുകിയെത്തിയത്.

Share this story

Leave a Comment

Your comment will be visible after admin approval.