ജിൻസ് മാത്യു, റിവർസ്റ്റോൺ.
ഹ്യൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (MAGH) ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച ‘വീട്ടിലെ ഊണ് – പൊതിച്ചോർ’ ചാരിറ്റി സംരംഭം വൻ വിജയമായി. നവംബർ 15 ഞായറാഴ്ച സ്റ്റാഫോർഡിലെ കേരള ഹൗസിൽ നടന്ന പരിപാടി ഹ്യൂസ്റ്റൺ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും വേറിട്ട മാതൃകയായി മാറി.
‘ഒരു പൊതിച്ചോർ വാങ്ങൂ… ഒരു കൈത്താങ്ങാകൂ… എന്ന മഹത്തായ സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ചാരിറ്റി സ്നേഹികളായ മലയാളികളാണ് പങ്കെടുത്തത്.

ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ പൊതിച്ചോർ വാങ്ങാനെത്തിയവരുടെ വലിയ തിരക്കിന് കേരള ഹൗസ് സാക്ഷ്യം വഹിച്ചു. നാടൻ രുചിയും കേരളീയ തനിമയും നിറഞ്ഞ ഇലയിൽ പൊതിഞ്ഞ ഊണ് വാങ്ങാൻ കുടുംബസമേതം എത്തിയ മലയാളികളുടെ ആവേശകരമായ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.
പരിപാടിയുടെ വിജയത്തിനായി തലേദിവസം മുതൽ തന്നെ നിരവധി സന്നദ്ധപ്രവർത്തകർ കേരള ഹൗസിൽ സജീവമായിരുന്നു. പാചകത്തിനുള്ള ഒരുക്കങ്ങൾ മുതൽ വിഭവങ്ങൾ തയ്യാറാക്കുന്നതിലും വാഴയിലയിൽ വിളമ്പി പൊതിച്ചോർ പായ്ക്ക് ചെയ്യുന്നതിലും വരെ വോളണ്ടിയർമാർ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. പരിപാടി നടന്ന ദിവസവും പുലർച്ചെ മുതൽ സന്നദ്ധപ്രവർത്തകർ നടത്തിയ അക്ഷീണ പരിശ്രമമാണ് ഈ സംരംഭത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന ശക്തിയായത്.

പൊതിച്ചോർ വിതരണത്തിൻ്റെ തുടക്കത്തിൽ നടന്ന ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ മലയാളി സമൂഹത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ, ജഡ്ജ് ജൂലി മാത്യു, മാർട്ടിൻ ജോൺ, ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ എന്നിവർ പങ്കെടുത്തു. ഇവരുടെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ പ്രാധാന്യവും ആവേശവും പകർന്നു.
സാധാരണ ധനസമാഹരണ പരിപാടികളിൽനിന്ന് വ്യത്യസ്തമായി, കേരളത്തിന്റെ തനതായ ഭക്ഷണസംസ്കാരത്തെ കാരുണ്യപ്രവർത്തനവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് മാഗ് ഈ സംരംഭം സംഘടിപ്പിച്ചത്. കുറഞ്ഞത് 15 ഡോളർ സംഭാവന നൽകി പൊതിച്ചോർ വാങ്ങുന്നതിലൂടെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹായഹസ്തം നീട്ടാനുള്ള അവസരമാണ് ഒരുക്കിയത്. രുചികരമായ ഒരു നേരത്തെ ഊണിലൂടെ മറ്റൊരാളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചം പകരുക എന്ന ആശയം മലയാളി സമൂഹം ഹൃദയപൂർവം ഏറ്റെടുത്തു.

മാഗ് പ്രസിഡന്റ് റോയി മാത്യുവിന്റെ ആശയത്തിൽ പിറവിയെടുത്ത ഈ പദ്ധതി, ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുതിയൊരു മാതൃക സൃഷ്ടിക്കുന്നതായിരുന്നു. ഭക്ഷണത്തിന്റെ രുചിക്കപ്പുറം, അതിലൂടെ കൈമാറുന്ന സ്നേഹത്തിനും കരുതലിനുമാണ് പ്രാധാന്യമെന്ന സന്ദേശം പൊതിച്ചോർ സംരംഭത്തിലൂടെ സമൂഹത്തിലേക്ക് എത്തിക്കാൻ മാഗിന് സാധിച്ചു.
ഹ്യൂസ്റ്റണിലെ മലയാളി സമൂഹം ഒന്നടങ്കം ഈ പദ്ധതിയെ സ്വീകരിച്ചതും സന്നദ്ധപ്രവർത്തകർ യാതൊരു പ്രതിഫലേച്ഛയുമില്ലാതെ സേവനത്തിനായി മുന്നോട്ടുവന്നതും പരിപാടിയുടെ വിജയത്തിന് കരുത്തേകി. മാഗ് ഭാരവാഹികളുടെയും ബോർഡ് അംഗങ്ങളുടെയും വോളണ്ടിയർമാരുടെയും കൂട്ടായ പരിശ്രമവും പൊതുജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ഈ കാരുണ്യസംരംഭത്തെ അവിസ്മരണീയമാക്കി.
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും നാടിൻ് രുചിയും സംസ്കാരവും നന്മയും കൈവിടാതെ, സമൂഹത്തിലെ സഹായം ആവശ്യമുള്ള കുട്ടികൾക്കായി ഒരുമിക്കാൻ കഴിയുമെന്ന് ഹ്യൂസ്റ്റൺ മലയാളികൾ ഒരിക്കൽക്കൂടി തെളിയിച്ചു.

ഒരു പൊതിച്ചോർ വെറുമൊരു ഭക്ഷണപ്പൊതിയല്ല, അത് സ്നേഹത്തിന്റെറെയും കരുതലിന്റെയും പ്രതീക്ഷയുടെയും പൊതിച്ചോറാണ്. ഈ മഹത്തായ സന്ദേശം സമൂഹത്തിന് പകർന്നുനൽകിക്കൊണ്ടാണ് മാഗിന്റെ ‘വീട്ടിലെ ഊണ്’ ചാരിറ്റി സംരംഭം വിജയകരമായി സമാപിച്ചത്.
മാഗ് പ്രസിഡന്റ് റോയി മാത്യു, സെക്രട്ടറി വിനോദ് ചെറിയാൻ, ട്രഷറർ സുനിൽ തങ്കപ്പൻ വൈസ് പ്രസിഡൻ്റ് ഷിനു ഏബ്രഹാം ഭാരവാഹികളായ സുബിൻ ബാലകൃഷ്ണൻ,ഡെന്നീസ് മാത്യു,അമ്പിളി ആൻ്റണി,ബിജു ശിവൻ,ബെനിജാ ചെറു, സാജൻ ജോൺ,ജിൻസ് മാത്യു ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി ജോസഫ്,ജോസ് കെ. ജോൺ എന്നിവർ നേതൃത്വം കൊടുത്തു.
റിമൽ മസാല ഹട്ട്,ഷീബാ റോയി,അക്കു കോശി, രേഷ്മാ വിനോദ്,സഞ്ചയ് ഹ്യൂസ്റ്റൺ,സണ്ണി ഗ്രേസ്,ജിനു തോമസ്, മോൻസി കുര്യാക്കോസ്,ബാബു മുല്ലശേരി,സുബിൻ കുമാരൻ, വിനോദ് വാസുദേവൻ,സിനു അക്കു, ആന്റണി ചെറു,അനിൽ, ദീപു, ലിജൊ, ജോബിഷ് , സുബിൻ, ജെനു തുടങ്ങി നിരവധി വോളണ്ടിയേഴ്സ് ചാരിറ്റി പ്രവർത്തനത്തിൽ പങ്കാളികളായി.
Leave a Comment
Your comment will be visible after admin approval.