വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് പ്രതിനിധി സംഘം ഡോ. എമ്മാദി വിഷ്ണുവർദ്ധൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി

Global Indian Writer · August 8, 2026 · 1 min read · 0 Comments · 0 Shares

ദുബായ്, യു.എ.ഇ : വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി.) മിഡിൽ ഈസ്റ്റ് റീജൻ പ്രതിനിധി സംഘം, പുതിയതായി ചുമതലയേറ്റ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഹിസ് എക്സലൻസി ഡോ. എമ്മാദി വിഷ്ണുവർദ്ധൻ റെഡ്ഡിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. കോൺസുലേറ്റ് കാര്യാലയത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ച സൗഹൃദപരവും ഫലപ്രദവുമായിരുന്നു.

ലോകമെമ്പാടും 5 റീജിയണുകളിലായി 80 ൽ പരം പ്രവിശ്യകളിൽ വ്യാപിച്ചു കിടക്കുന്ന ഡബ്ല്യു.എം.സി.യുടെ ആഗോള ശൃംഖലയെക്കുറിച്ചും, പ്രവാസി ഇന്ത്യൻ സമൂഹത്തിന് നൽകിവരുന്ന സാമൂഹ്യ പ്രവർത്തനങ്ങളെക്കുറിച്ചും സംഘം കോൺസൽ ജനറലിനെ ധരിപ്പിച്ചു.

യു.എ.ഇയിലും മിഡിൽ ഈസ്റ്റ് മേഖലയിലുമുള്ള ഇന്ത്യൻ സമൂഹത്തിന്റെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളും സാംസ്കാരിക കൂട്ടായ്മകളും ചർച്ചാവിഷയമായി.

പ്രധാനമായും താഴെ പറയുന്ന വിഷയങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്‌.
1) തൊഴിലാളിക്ഷേമ ബോധവൽക്കരണം: വിദഗ്ദ്ധരും അവിദഗ്ദ്ധരുമായ ഇന്ത്യൻ തൊഴിലാളികൾക്കിടയിൽ സുരക്ഷിതമായ സമ്പാദ്യ മാർഗ്ഗങ്ങളെക്കുറിച്ച് അവബോധം വളർത്തുക.

2) ആരോഗ്യ ബോധവൽക്കരണം: പ്രവാസികൾക്കായി മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുക.

3) വിപുലമായ കൗൺസിൽ രൂപീകരണം: ഇന്ത്യൻ കോൺസുലേറ്റിന് പിന്തുണയേകുന്നതിനായി ഡോക്ടർമാർ, അഭിഭാഷകർ, വ്യവസായികൾ തുടങ്ങിയ പ്രൊഫഷണലുകളെ ഉൾപ്പെടുത്തി സാംസ്കാരിക കൂട്ടായ്മകൾ, മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ സഹായം, അടിയന്തര വൈദ്യസഹായം, ദുരന്ത നിവാരണം എന്നിവയ്ക്കായി ഡബ്ല്യു.എം.സി.യുടെ കീഴിൽ ഒരു പ്രത്യേക വിങ് ആരംഭിക്കുക.

ഡബ്ല്യു.എം.സി. ഗ്ലോബൽ എൻ.ആർ.ഇ./എൻ.ആർ.കെ. ഫോറം ചെയർമാനും മുൻ ഐ.എസ്.സി. അൽ ഐൻ പ്രസിഡന്റുമായ ജോയ് തനങ്ങാടൻ, ഡബ്ല്യു.എം.സി. മിഡിൽ ഈസ്റ്റ് റീജൻ ചെയർമാൻ സക്കിർ ഹുസൈൻ, പ്രസിഡന്റ് സുധീർ സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി അരുൺ ജോർജ്ജ് എന്നിവരടങ്ങുന്ന സംഘമാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

പ്രവാസികളുടെ ഉന്നമനത്തിനായി ഡബ്ല്യു.എം.സി. നടത്തുന്ന വിവിധ പ്രവർത്തനങ്ങളെ കോൺസൽ ജനറൽ അഭിനന്ദിക്കുകയും, ഇന്ത്യൻ സമൂഹത്തിന്റെ നന്മയ്ക്കായി കോൺസുലേറ്റിന്റെ ഭാഗത്തുനിന്നും പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

Share this story

Leave a Comment

Your comment will be visible after admin approval.