തീവ്രവാദ പ്രചാരണവും സൈബർ കുറ്റകൃത്യങ്ങളും :ജോർദാൻ ടെലഗ്രാം നിരോധിച്ചു

Global Indian Writer · November 16, 2026 · 1 min read · 0 Comments · 0 Shares

ഡിജിറ്റൽ സുരക്ഷാ ആശങ്കകളും തീവ്രവാദ പ്രചാരണവും ചൂണ്ടിക്കാട്ടി ജോർദാനിൽ മെസേജിങ് ആപ്പായ ടെലഗ്രാം നിരോധിച്ചു. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ, ഭീഷണികൾ, വ്യാജപ്രചാരണങ്ങൾ എന്നിവ തടയുന്നതിന്റെ ഭാഗമായാണ് ഈ കർശന നടപടിയെന്ന് ജോർദാൻ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് വ്യക്തമാക്കി.

നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ പങ്കുവെക്കാനും പൊതുസുരക്ഷയെ അപകടത്തിലാക്കുന്ന തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനും ചിലർ ഈ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് സുരക്ഷാ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും, അപരിചിതമായ അക്കൗണ്ടുകളുമായോ ലിങ്കുകളുമായോ ഇടപഴകരുതെന്നും അധികൃതർ നിർദ്ദേശിച്ചു. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ കാണുകയാണെങ്കിൽ ഔദ്യോഗിക ചാനലുകൾ വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം തെക്കൻ ജോർദാനിലെ ഒരു പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾക്ക് കോടതി വധശിക്ഷ വിധിച്ച് ഒരു ദിവസത്തിന് ശേഷമാണ് ടെലഗ്രാം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. എങ്കിലും, ഈ നിരോധനം നേരിട്ട് ആ ആക്രമണവുമായി ബന്ധപ്പെട്ടതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്തിന്റെ ഡിജിറ്റൽ സുരക്ഷയും സാമൂഹിക ഭദ്രതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം പ്ലാറ്റ്‌ഫോമുകൾക്കമേലുള്ള കർശന നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.