ശബരിമല: മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ശബരിമല -മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും ഇന്ന് നടക്കും. ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത് മുജ്ജന്മ സുകൃതമെന്ന് തിരുവനന്തപുരം പുളിമൂട് സ്വദേശി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പറഞ്ഞു. തീർഥാടകരെ വരവേൽക്കാൻ ശബരിമല സജ്ജമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. നിലയ്ക്കൽ ബേസ് ക്യാമ്പിലേക്ക് തീർഥാടകർ എത്തി തുടങ്ങി. ഇന്നത്തേക്കുള്ള വിർച്വൽ ക്യു ബുക്കിംഗ് 30,000 കടന്നു.
ശബരിമലയിൽ ശുചിമുറിയിലേക്ക് ഉള്ള ജലവിതരണം തടസ്സപ്പെടുത്തിയതിന് പിന്നിൽ നടന്നത് സംഘടിത ശ്രമമെന്ന് കെ ജയകുമാർ പറഞ്ഞു. വാട്ടർ വാൽവ് ഉള്ള സ്ഥലങ്ങളിൽ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇത്തവണ ശുചിത്വത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും കെ ജയകുമാർ പറഞ്ഞു. 250 ടൺ മാലിന്യമാണ് നീക്കി. ശബരിമല ഒരുങ്ങികഴിഞ്ഞു എന്നത് പൊള്ളയായ അവകാശവാദം അല്ലെന്നും നടത്തേണ്ട വലിയ പ്രവർത്തനങ്ങൾ മറ്റ് വർഷങ്ങളെക്കാൾ പൂർത്തിയാക്കിയെന്നും അദേഹം വ്യക്തമാക്കി.
നേരത്തെ ഫയർഫോഴ്സിന്റെ വാട്ടർ ഗൺ ഉപയോഗിച്ചായിരുന്നു ഇത്തരം ശുചീകരണ പ്രവർത്തനങ്ങൾ. എന്നാൽ വെള്ളം ശക്തിയായി ചീറ്റുമ്പോൾ സമീപത്തുള്ള ഭക്തരുടെ ദേഹത്തും വെള്ളം തെറിക്കാൻ സാധ്യതയുണ്ടായിരുന്നു. പുതിയ റൈഡ് ഓൺ ഫ്ലോർ സ്ക്രബർ ബഗ്ഗി മോഡൽ ഉപയോഗിച്ച് കൂടുതൽ നിയന്ത്രിതമായും കാര്യക്ഷമമായും ശുചീകരണം. നെയ്യ് വീണുണ്ടാകുന്ന വഴുക്കൽ ഒഴിവാക്കാനും യന്ത്രത്തിന്റെ ഉപയോഗം സഹായിക്കും.
Leave a Comment
Your comment will be visible after admin approval.