രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനം; പാക് ചാരസംഘടനയുമായി ബന്ധമെന്ന് സംശയം, യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ

Global Indian Writer · November 16, 2026 · 1 min read · 0 Comments · 0 Shares

ജയ്പുർ: രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ചാരശൃംഖലയ്ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്. സംഭവത്തിൽ പഞ്ചാബിലെ ഗുർദാസ്പുരിൽനിന്ന് 21കാരിയായ യുവതിയടക്കം രണ്ടുപേരെ രാജസ്ഥാൻ ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. മഹാക്ദീപ് കൗർ, ദവീന്ദർ സിങ് എന്നിവരാണ് പിടിയിലായത്. ഇവരിൽ യുവതിയാണ് പ്രധാന പ്രതിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

നവംബർ മൂന്നിന് രാത്രി 9.45ഓടെ രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലെ രാംസിങ്‌പുരിന് സമീപം അനൂപ്ഗഡ്-സൂറത്ത്ഗഡ് റെയിൽവേ പാതയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ റെയിൽവേ ട്രാക്കിലെ കോൺക്രീറ്റ് സ്ലീപ്പറുകൾ തകരുകയും രണ്ടര അടി ആഴത്തിൽ കുഴി രൂപപ്പെടുകയും ചെയ്തു. സ്ഫോടനത്തിന് ഏകദേശം 75 മിനിറ്റ് മുമ്പ് ഇതുവഴി യാത്രാ ട്രെയിൻ കടന്നുപോയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല.

പാകിസ്താനിൽനിന്നുള്ള ‘ഷാ’, ‘ചാച്ച’ എന്നീ പേരുകളിൽ അറിയപ്പെടുന്ന രണ്ട് ഹാൻഡ്‌ലർമാരുമായി മഹാക്ദീപ് കൗർ ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. പ്രണയബന്ധത്തിന്റെ പേരിൽ അടുപ്പം സ്ഥാപിക്കുകയും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്താണ് യുവതിയെ കുറ്റകൃത്യത്തിലേക്ക് ആകർഷിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്ഫോടനം നടത്തുന്നതിനായി ഇവർക്ക് പണം ലഭിച്ചതായും പൊലീസ് ആരോപിക്കുന്നു. ‘ചാച്ച’യ്ക്ക് പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നാണ് സംശയം.

സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് വിദേശനിർമിത തോക്കുകളും 46 വെടിയുണ്ടകളും 30,000 രൂപയും പ്രതികളിൽനിന്ന് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. പ്രതികൾക്ക് താമസസൗകര്യം, മോട്ടോർസൈക്കിൾ, സ്ഫോടനസ്ഥലത്തേക്കുള്ള യാത്രാസൗകര്യം എന്നിവ ഒരുക്കിയെന്ന സംശയത്തിൽ മൂന്നുപേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റെയിൽവേ പാത തകർക്കാൻ പ്രതികൾ നേരത്തെയും ശ്രമിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ ആറിന് സ്ഫോടനം നടത്താൻ പദ്ധതിയിട്ടെങ്കിലും സ്ഫോടകവസ്തു ലഭിക്കാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു. ഒക്ടോബർ 12, 13 തീയതികളിൽ പാക് ഹാൻഡ്‌ലർ നൽകിയ ടൈമർ ബോംബ് റെയിൽവേ പാതയിൽ സ്ഥാപിച്ചെങ്കിലും സാങ്കേതിക തകരാറിനെത്തുടർന്ന് പൊട്ടിത്തെറിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. നവംബർ മൂന്നിനാണ് ഒടുവിൽ സ്ഫോടനം നടത്തിയത്.

രാജസ്ഥാൻ എടിഎസും ശ്രീഗംഗാനഗർ പൊലീസും പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗവും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും സമൂഹമാധ്യമങ്ങളിലെ ബന്ധങ്ങളും പരിശോധിച്ചുവരികയാണ്. സംഭവത്തിന് പിന്നിലെ മറ്റ് കണ്ണികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

Share this story

Leave a Comment

Your comment will be visible after admin approval.