റഷ്യൻ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100% താരിഫ്: ബില്ലിന് യു.എസ് സെനറ്റ് അംഗീകാരം നൽകി

Global Indian Writer · August 8, 2026 · 1 min read · 0 Comments · 0 Shares

വാഷിങ്ടൺ: യുക്രെയ്‌നുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ ഊർജ്ജ വരുമാനത്തെ ലക്ഷ്യമിട്ടുള്ള കനത്ത ഉപരോധ ബില്ലിന് യു.എസ് സെനറ്റ് അംഗീകാരം നൽകി. ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷണിങ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ് ഓഫ് 2026’ എന്ന് പേരിട്ട പുതിയ നിയമനിർമാണം വഴി റഷ്യൻ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന പ്രമുഖ രാജ്യങ്ങൾക്ക് മേൽ 100 ശതമാനം താരിഫ് ഏർപ്പെടുത്തും. കൂടാതെ, പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കാൻ ഉപയോഗിക്കുന്ന രഹസ്യ സമുദ്ര ശൃംഖലകളെയും ഈ ബിൽ കർശനമായി ലക്ഷ്യമിടുന്നുണ്ട്.

അമേരിക്കൻ സെനറ്റിൽ 11നെതിരെ 86 വോട്ടുകൾക്കാണ് ബിൽ പാസാക്കപ്പെട്ടത്. തുടർന്ന് ജനപ്രതിനിധി സഭയായ ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലേക്ക് അയച്ചു. എന്നാൽ കോൺഗ്രസിന്റെ വേനലവധി കാരണം, 435 അംഗങ്ങളുള്ള ലോവർ ചേമ്പറിലെ വോട്ടെടുപ്പ് സെപ്റ്റംബർ വരെ നടക്കില്ല. ഈ നീക്കം റഷ്യയെ ഒടുവിൽ ചർച്ചാമേശയിലെത്തിക്കുമെന്നും യുക്രെയ്‌നും റഷ്യയും തമ്മിലുള്ള സംഘർഷത്തിന് വിരാമമിടുമെന്നും സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയിലെ റിപ്പബ്ലിക്കൻ അംഗമായ ജിം റിഷ് സെനറ്റ് ഫ്ളോറിൽ നടത്തിയ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

യുദ്ധക്കളത്തിൽ വെച്ചുണ്ടാകുന്ന നേട്ടങ്ങളേക്കാൾ വലിയ സ്വാധീനം ചെലുത്താനും, റഷ്യൻ യുദ്ധ സൈന്യത്തിന് ധനസഹായം നൽകുന്ന പണത്തിന്റെ ഒഴുക്ക് തടയാനും ഈ പുതിയ നീക്കം സഹായിക്കുമെന്ന് സെനറ്റർമാർ അഭിപ്രായപ്പെട്ടു. ചൈന, ഇന്ത്യ, സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ എന്നീ അഞ്ച് രാജ്യങ്ങളെയാണ് ഈ ബിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇതിനിടെ ബില്ലിനെ സ്വാഗതം ചെയ്ത് കൊണ്ട് യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി രംഗത്തുവന്നു. യുക്രെയ്ൻ ജനതക്ക് നൽകുന്ന പിന്തുണക്ക് യു.എസ് സെനറ്റിനോട് നന്ദി അറിയിച്ച സെലൻസ്കി തങ്ങളുടെ രാജ്യത്തെ സ്വാതന്ത്ര്യത്തിനും ജനങ്ങൾക്കുമെതിരെയുള്ള റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ യഥാർത്ഥവും ശക്തവുമായ അമേരിക്കൻ സമ്മർദ്ദവും ഉപരോധവുമാണ് ഏറ്റവും കൂടുതൽ സഹായിക്കുക എന്ന് ചൂണ്ടിക്കാട്ടി.

Share this story

Leave a Comment

Your comment will be visible after admin approval.