ജൂതവിരുദ്ധതക്കെതിരെ പോരാടാൻ 30 മില്യൺ ഡോളറിലധികം ഫണ്ട് പ്രഖ്യാപിച്ച് മംദാനി

Global Indian Writer · October 1, 2026 · 1 min read · 0 Comments · 0 Shares

ന്യൂയോർക്ക്: ജൂതവിരുദ്ധതക്കെതിരെ പോരാടാൻ 30 മില്യൺ ഡോളറിലധികം ഫണ്ട് ഉൾപ്പെടെയുള്ള പുതിയ തന്ത്രം പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. ജൂത സാംസ്കാരിക കേന്ദ്രങ്ങൾക്കും വിദ്വേഷ കുറ്റകൃത്യ പ്രതിരോധത്തിനുമാണ് ഈ തുക വിനിയോഗിക്കുക. തന്റെ ഭരണകൂടം ജൂത സമൂഹങ്ങളിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുന്നതിനിടെയാണ് സൊഹ്റാൻ മംദാനിയുടെ ഈ പ്രഖ്യാപനം.

‘കഴിഞ്ഞ ഒരു വർഷമായി ഞാൻ ന്യൂയോർക്കിന്റെ എല്ലാ ഭാഗത്തുമുള്ള ജൂതരെ കണ്ടു. അവരുടെ വീടുകളിലും ട്രെയിനിലും ആരാധനാലയങ്ങളിലും വെച്ച് സംസാരിച്ചു. എല്ലാവരും ഒരേ കാര്യമാണ് പറഞ്ഞത്, ജൂതർക്കെതിരായ വിദ്വേഷം കൂടി വരികയാണ്’ മംദാനി പറഞ്ഞു. ജൂത വിരുദ്ധതയുടെ വിപത്തിനെ നേരിടാൻ തന്റെ ഭരണകൂടം എങ്ങനെ പ്രവർത്തിക്കും എന്നതിന്റെ റോഡ് മാപ്പാണ് ഇതെന്നും’ സൊഹ്റാൻ മംദാനി വിശദീകരിച്ചു.

ജൂതർക്കെതിരായ ആക്രമണങ്ങൾ തടയാൻ 30 മില്യൺ ഡോളറിലധികം നൽകുമെന്ന് മംദാനി പറഞ്ഞു. ജൂതർക്ക് നേരെയുള്ള ഭീഷണികൾ കണ്ടെത്താൻ പ്രത്യേക സംഘത്തെ വീണ്ടും സജീവമാക്കും. ഈ വർഷം ജൂതർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ 8% കൂടിയിട്ടുണ്ട്. ന്യൂയോർക്കിൽ നടക്കുന്ന മൊത്തം വിദ്വേഷ സംഭവങ്ങളിൽ പകുതിയിലധികവും ജൂതർക്കെതിരാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുകൂടാതെ ജൂത സാംസ്കാരിക കേന്ദ്രങ്ങൾക്കും പണം നൽകും. ക്വീൻസിലെ ഹോളോകോസ്റ്റ് മെമ്മോറിയൽ ഗാർഡന് 2 മില്യൺ ഡോളറും ബ്രൂക്ലിനിലെ ന്യൂ ജൂവിഷ് കൾച്ചർ സെന്ററിന് 2.5 മില്യൺ ഡോളറും നൽകും.

തലമുറകളായി ജൂതർ ഈ നഗരത്തെ കെട്ടിപ്പടുത്തുന്നു. ഇന്ന് അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട് എന്ന് മംദാനി വിഡിയോയിൽ പറഞ്ഞു. ഗസ്സയിലെ യുദ്ധത്തിൽ ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ചതിന്റെ പേരിൽ മംദാനിക്കെതിരെ ജൂത സംഘടനകൾ രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് പോലും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ തനിക്ക് അങ്ങനെ ചെയ്യാൻ അധികാരമില്ലെന്ന് പിന്നീട് അദ്ദേഹം തന്നെ സമ്മതിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.