മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അംഗീകരിക്കുന്നതുവരെ ഹുർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Global Indian Writer · August 13, 2026 · 1 min read · 0 Comments · 0 Shares

തെഹ്‌റാൻ: ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി മുഹ്‌സിൻ റെസായി. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവനായി പുതുതായി നിയമിതനായ മുഹ്‌സിൻ റെസായി, എക്സിലൂടെയാണ് ഈ കടുത്ത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പേർഷ്യൻ ഗൾഫിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഇറാന്റെ നിലപാട് വ്യക്തമാക്കിയ അദ്ദേഹം, കടലിടുക്ക് പൂർണമായി തുറക്കുന്നതിന് മുൻപ് അമേരിക്ക പാലിക്കേണ്ട ഉപാധികളും പട്ടികപ്പെടുത്തിയിട്ടുണ്ട്.

‘ഇറാന്റെ സന്ദേശം വ്യക്തമാണ്. അമേരിക്ക യുദ്ധവും ഉപരോധവും പൂർണമായി അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ട് നൽകുക, ലബനനിലും ഗസ്സയിലും ഉൾപ്പെടെയുള്ള സമഗ്രമായ വെടിനിർത്തലിന് തയാറാകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഈ ഉപാധികളത്രയും പാലിക്കപ്പെടുന്നത് വരെ ഹുർമുസ് കടലിടുക്ക് അടഞ്ഞുകിടക്കും,’ മുഹ്‌സിൻ റെസായി തന്റെ പോസ്റ്റിൽ കുറിച്ചു.

തുടക്കത്തിൽ അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങളെത്തുടർന്ന് ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഹുർമുസ് കടലിടുക്കിന്റെ പുനരാരംഭം വാഷിങ്ടൺ തെഹ്‌റാന്റെ ആവശ്യങ്ങൾക്ക് വഴങ്ങുമ്പോൾ മാത്രമെ സാധ്യമാകൂ എന്ന് ഇറാനിലെ ചൈനീസ് അംബാസഡറുമായുള്ള കൂടിക്കാഴ്ചയിലും മുഹ്‌സിൻ റെസായി വ്യക്തമാക്കിയിരുന്നു. അമേരിക്ക സ്വന്തം നിലപാടുകൾ മാറ്റുകയും ഇറാന്റെ ഉപാധികൾ അംഗീകരിക്കുകയും ചെയ്യാത്ത കാലത്തോളം ഈ ജലപാത തുറക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഒമാനുമായി പരോക്ഷ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അത് ഹുർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ഇറാന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.