മാർട്ടിൻ വിലങ്ങോലിൽ
എഡിൻബർഗ് /മക്കാലാൻ (ടെക്സസ്): വടക്കൻ അമേരിക്കൻ മലയാളി സമൂഹത്തിന്റെ കായികക്ഷമതയും വിശ്വാസവും ഐക്യവും വിളിച്ചോതി നാലു ദിവസം നീണ്ടുനിന്ന സീറോ മലബാർ ഇന്റർ പാരിഷ് സ്പോർട്സ് ഫെസ്റ്റിവലിന് (ഐ.പി.എസ്.എഫ് 2026) എഡിൻബർഗിൽ വർണ്ണാഭമായ സമാപനം.
വാശിയേറിയ വടംവലിയുടെ അവസാന വിസിലടിയോടെയും സ്റ്റേഡിയങ്ങളെ ഇളക്കിമറിച്ച ആർപ്പുവിളികളോടെയും സമാപിച്ച ഈ കായികമാമാങ്കത്തിൽ ആയിരത്തിഅഞ്ഞൂറിലധികം കായികതാരങ്ങളും നാലായിരത്തിൽ പരം കാണികളും പങ്കെടുത്തു.
ഓഗസ്റ്റ് 6 മുതൽ 9 വരെ എഡിൻബർഗ് ഡിവൈൻ മെഴ്‌സി സീറോ മലബാർ ചർച്ചിന്റെ ആതിഥേയത്വത്തിലും എഡിൻബർഗ് സിറ്റിയുടെ സഹകരണത്തിലും നടന്ന മേളയിലുടനീളം ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ടിന്റെ സാന്നിധ്യവും ആത്മീയ അനുഗ്രഹങ്ങളും വൻ ആവേശമാണ് പകർന്നുനൽകിയത്. രൂപതാ പ്രൊക്യൂറേറ്റർ ഫാ. കുര്യൻ നെടുവേലിച്ചാലുങ്കൽ, ഡിവൈൻ മേഴ്സി വികാരി ഫാ. റോയ് മൂലേച്ചാലിൽ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾക്ക് തിരിതെളിഞ്ഞത്.
കൊപ്പേൽ സെന്റ് അൽഫോൻസാ വീണ്ടും ചാമ്പ്യൻ; ഹൂസ്റ്റൺ ഫൊറോനാ റണ്ണേഴ്‌സ് അപ്പ്

മൈതാനങ്ങളെ ആവേശത്തിലാഴ്ത്തിയ വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ ഡിവിഷൻ എ വിഭാഗത്തിൽ കൊപ്പേൽ സെന്റ് അൽഫോൻസ ചർച്ച് ചരിത്രവിജയത്തോടെ ചാമ്പ്യന്മാരായപ്പോൾ ഹൂസ്റ്റൺ സെന്റ് ജോസഫ്സ് ഫൊറോന ചർച്ച് റണ്ണേഴ്‌സ് അപ്പായി. ഡിവിഷൻ ബി വിഭാഗത്തിൽ ആതിഥേയരായ എഡിൻബർഗ് ഡിവൈൻ മെർസി ചർച്ച് മിന്നുന്ന പ്രകടനത്തോടെ ചാമ്പ്യൻപട്ടം സ്വന്തമാക്കിയപ്പോൾ ഫ്രിസ്കോ സെന്റ് മറിയം ത്രേസ്യ മിഷൻ റണ്ണേഴ്‌സ് അപ്പ് സ്ഥാനം കരസ്ഥമാക്കി. ജയപരാജയങ്ങൾക്കപ്പുറം വിട്ടുവീഴ്ചയില്ലാത്ത കായികമര്യാദയും പരസ്പര ബഹുമാനവും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് പോരാടിയ എല്ലാ ടീമുകളെയും സംഘാടക സമിതി പ്രത്യേകം അഭിനന്ദിച്ചു.
മികച്ച ആസൂത്രണത്തോടെ മേള വിജയകരമാക്കാൻ വലിയൊരു നേതൃനിര തന്നെ അണിയറയിൽ പ്രവർത്തിച്ചു. ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് രക്ഷാധികാരിയായ സമിതിയിൽ ഫെസ്റ്റ് ചെയർമാൻ റെവ. ഫാ. റോയ് മൂലേച്ചാലിൽ, ട്രസ്റ്റികളായ ജോജോ തോമസ്, മനോജ് മൈക്കിൾ, ജനറൽ കോർഡിനേറ്റർ ജോസഫ് ബിജു, സെക്രട്ടറി ഡോ. ഡാഫോഡിൽസ് അബ്രഹാം, അക്കൗണ്ട്സ് ഭാരവാഹി അൽവിൻ ജോസഫ്, ഗെയിം കോർഡിനേറ്റർ ബെൻ കളരിക്കൽ എന്നിവർ കേന്ദ്ര കമ്മിറ്റിക്ക് നേതൃത്വം നൽകി.

വിവിധ ഇടവകകളിൽ നിന്ന് വികാരിമാരും കോർഡിനേറ്റർമാരും മേളയുടെ വിജയത്തിനായി ഒന്നിച്ചുചേർന്നു. എഡിൻബർഗ് ഡിവൈൻ മെർസി ചർച്ചിൽ നിന്ന് ഫാ. റോയ് മൂലേച്ചാലിൽ, ജോസ് ആന്റണി, മിനു ജോസഫ് എന്നിവരും, ഹൂസ്റ്റൺ സെന്റ് ജോസഫ്സ് ഫൊറോന ചർച്ചിൽ നിന്ന് ഫാ. ഡോ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, ഫാ. ജോർജ് പാറയിൽ, മനു ഇമ്മാനുവൽ മൂന്നുമാക്കൽ, റോബിൻ ജോയ് എന്നിവരും നേതൃത്വം നൽകി. പിയർലാന്റ് സെന്റ് മേരീസ് ചർച്ചിൽ നിന്ന് ഫാ. വർഗീസ് ജോർജ് കുന്നത്ത്, സെർണി തോമസ്, അനിള കരിക്കുന്നേൽ സെബാസ്റ്റ്യൻ എന്നിവരും, ഗാർലാന്റ് സെന്റ് തോമസ് ചർച്ചിൽ നിന്ന് ഫാ. സിബി സെബാസ്റ്റ്യൻ, ഫാ. ക്രിസ്റ്റിൻ പുതിയകുന്നേൽ, മാത്യു ഒഴുകയിൽ, സുജ കൈനിക്കര എന്നിവരും കോർഡിനേറ്റർമാരായിരുന്നു. ഓസ്റ്റിൻ സെന്റ് അൽഫോൻസയിൽ നിന്ന് ഫാ. ആന്റോ ജി. ആലപ്പാട്ട്, ജിയോ ജോസഫ്, ഗിജോ അരീക്കൻ എന്നിവരും, കോപ്പൽ സെന്റ് അൽഫോൻസയിൽ നിന്ന് ഫാ. മാത്യൂസ് മുൻജനനാട്ട്, ഫ്രാൻസിൽ ജോസഫ്, സോണി പോൾ എന്നിവരും സേവനമനുഷ്ഠിച്ചു. കൂടാതെ സാൻ അന്റോണിയോയിൽ നിന്ന് ഫാ. ജോർജ് സി. ജോർജ്, സിറിയക് സ്കറിയ, മനു സെബാസ്റ്റ്യൻ എന്നിവരും, ഒക്ലഹോമയിൽ നിന്ന് ഫാ. ആന്റോ മാമ്പള്ളി, ജോബി ജോസഫ്, ഡൊമിനിക് ആന്റണി എന്നിവരും, ഫ്രിസ്കോയിൽ നിന്ന് ഫാ. ജിമ്മി ഇടക്കുളത്തൂർ കുര്യൻ, അജിത്ത് ജോസഫ്, ജാനറ്റ് റോയ് എന്നിവരും, കൻസാസ് സിറ്റിയിൽ നിന്ന് ഫാ. സുനോജ് തോമസും നേതൃനിരയിൽ തിളങ്ങി.

മുഖ്യ സ്പോൺസർമാരായി ജിബി പാറയ്ക്കലും ജോർജ് ചെറായിലും:
എഡിൻബർഗ് സിറ്റി മേയർ ഒമർ ഒച്ചോവ, മുൻ മേയർ റാമിറോ ഗാർസ ജൂനിയർ, സിറ്റി കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നിർണ്ണായക പിന്തുണ മേളയ്ക്ക് വലിയ ശക്തിയായി. മേളയുടെ വിജയശില്പികളായ പ്രമുഖ സ്പോൺസർമാരുടെ സഹകരണത്തെ ഭാരവാഹികൾ നന്ദിയോടെ സ്മരിച്ചു. ഓസ്റ്റിനിലെ പി.എസ്.ജി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ജിബി പാറയ്ക്കൽ പ്രൈം സ്പോൺസറായും, ലെഗസി ബിസിനസ് ബ്രോക്കേഴ്‌സിന്റെ ജോർജ് ചെറായിൽ പവർ സ്പോൺസറായും വലിയ പിന്തുണ നൽകി. ഡോൾഫിൻ ഡിജിറ്റലിന്റെ ജോസി ആഞ്ഞിലിവേലിൽ , ഇംപാക്ട് ടാക്സിന്റെ സുബിൻ അലക്സ്, സിഗ്മ ട്രാവൽസിന്റെ സണ്ണി ജോസഫ് , ഗ്രേസ് ഇൻഷുറൻസ് ആൻഡ് എക്സ്പീരിയർ ഫിനാൻസിന്റെ ജിൻസ് മടമന, ഹൂസ്റ്റൺ അപ്നാ ബസാറിന്റെ സുരേഷ് നായർ, തജാംസ് മാർബിൾ ആൻഡ് ഗ്രാ നൈറ്റ്, മക്അലനിലെ പ്ലാങ്ക് ഗ്രിൽ എന്നീ പ്രമുഖ സ്പോൺസർമാരുടെ ഉദാരമായ പിന്തുണയാണ് ഈ വലിയ സ്പോർട്സ് മേളയെ വൻ വിജയമാക്കിയത്.
അഹോരാത്രം പ്രയത്നിച്ച വോളണ്ടിയർമാർക്കും, റെഫറിമാർക്കും, പങ്കെടുത്ത വൈദികർക്കും കന്യാസ്ത്രീകൾക്കും, കായികതാരങ്ങൾക്കും, കാണികൾക്കും ഡിവൈൻ മെർസി സീറോ മലബാർ ചർച്ച് വികാരിയും സംഘാടകരും നന്ദി രേഖപ്പെടുത്തി.
Leave a Comment
Your comment will be visible after admin approval.