കാരുണ്യത്തിന്റെ ചിറകിലേറി അമേരിക്കയിൽ; സ്നേഹത്തിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞു സജി കൊട്ടാരക്കര

Global Indian Writer · August 16, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഡാളസ് :സേവനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശവുമായി അമേരിക്കൻ മണ്ണിൽ ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവെച്ച് സാമൂഹിക പ്രവർത്തകൻ സജി കൊട്ടാരക്കര . കടുത്ത ആരോഗ്യ പ്രതിസന്ധികളെയും ദുരിതങ്ങളെയും അതിജീവിച്ച്, തനിക്ക് ലഭിച്ച ജീവിതം മറ്റുള്ളവർക്കായി മാറ്റിവെച്ച ഇദ്ദേഹത്തിന്റെ യാത്ര പ്രവാസികളായ മലയാളികൾക്കും വലിയൊരു പ്രചോദനമായിരിക്കുകയാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെന്ററും ചേർന്ന് സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പും കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തിലും (ഓഗസ്റ്റ് 15) പങ്കെടുക്കുന്നതിനെത്തിയ സജി തന്റെ തിക്തമായ ജീവിതാനുഭവം യോഗത്തിൽ പങ്കുവെച്ചു

ഒന്നര വയസ്സിൽ വലിയ നഷ്ടങ്ങൾ നേരിടേണ്ടി വരികയും, ഒരുകാലത്ത് എഴുന്നേറ്റുനിൽക്കാൻ പോലും കഴിയാത്തവിധം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. എന്നാൽ, കഠിനാധ്വാനത്തിലൂടെയും കൂട്ടായ്മകളുടെയും പ്രാർത്ഥനയുടെയും പിന്തുണയോടെയും ആരോഗ്യം വീണ്ടെടുത്ത് ഇന്ന് സ്വന്തം കാലിൽ നിൽക്കാനും വിദേശയാത്രകൾ നടത്താനും കഴിയുന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. ഒരുകാലത്ത് വിമാനത്താവളത്തിന്റെ പടിവാതിൽക്കൽ എത്താൻ പോലും കഴിയുമോ എന്ന് സംശയിച്ച ജീവിതത്തിൽ നിന്നാണ് ഇന്ന് അമേരിക്കയിലേക്കുള്ള രണ്ടാം വരവ് എന്നതും ഏറെ ശ്രദ്ധേയമാണ്.

തനിക്ക് ലഭിച്ച ജീവിതവും ആരോഗ്യവും തനിക്കുവേണ്ടി മാത്രം ഉപയോഗിക്കാതെ, സമൂഹത്തിലെ അർഹതപ്പെട്ടവർക്കായി നീക്കിവെക്കുകയാണ് ഇദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷമായി എല്ലാ മാസവും മുപ്പത്തിനാലോളം കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ എത്തിച്ചു നൽകാനും, ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങാകാനും ഈ ചെറിയ സംരംഭത്തിലൂടെ സാധിക്കുന്നുണ്ട്. “ഞാൻ എനിക്കുവേണ്ടി മാത്രം ജീവിച്ചാൽ വളരുന്നത് ഞാൻ മാത്രമായിരിക്കും, എന്നാൽ ജീവിതത്തിൽ നിന്ന് അല്പമെങ്കിലും മറ്റൊരാളിലേക്ക് പകരാൻ കഴിഞ്ഞാൽ സമൂഹത്തിൽ മാറ്റമുണ്ടാക്കാം” എന്ന ലളിതമായ തത്വമാണ് ഈ കർമ്മനിരതമായ ജീവിതത്തിന് പിന്നിൽ.

വരാനിരിക്കുന്ന കാലത്ത് കുറഞ്ഞത് ഇരുപത് കുടുംബങ്ങൾക്കെങ്കിലും സ്വന്തമായി ഒരു വീട് യാഥാർത്ഥ്യമാക്കി കൊടുക്കുക എന്ന വലിയൊരു സ്വപ്നവും ഇദ്ദേഹത്തിന്റെ മനസ്സിലുണ്ട്.നിരവധി സുഹൃത്തുക്കളിൽ നിന്നും ലഭിച്ച സ്നേഹവും പിന്തുണയും ജീവിതത്തിലെ വലിയ സമ്പാദ്യമാണെന്ന് അദ്ദേഹം ഓർമ്മിച്ചു. പ്രതിസന്ധികളെ അതിജീവിച്ച് സ്നേഹം മാത്രം കൈമുതലായി മുന്നോട്ടുപോകുന്ന ഈ മാതൃകാപരമായ ജീവിതയാത്ര ചുറ്റുമുള്ളവർക്കും വലിയൊരു പാഠമാണ് നൽകുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.