വരുമാനത്തിൽ കവിഞ്ഞ തുക കൈകാര്യം ചെയ്തു; മുൻ മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇഡി

Global Indian Writer · August 19, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ ടി.യ്ക്കെതിരേ അതീവ ഗുരുതരമായ ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് വീണ ഹവാല ചാനലുകൾവഴി പണമിടപാട് നടത്തിയതിന്റെ തെളിവുകൾ ലഭിച്ചതായി ഇഡി പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

വരുമാനത്തിൽ കവിഞ്ഞ വലിയൊരു തുക വീണ കൈകാര്യംചെയ്തതായാണ് ഇഡിയുടെ കണ്ടെത്തൽ. സിഎംആർഎല്ലിൽനിന്ന് അക്കൗണ്ട് വഴി ലഭിച്ച 2.78 കോടി രൂപയേക്കാൾ വളരെ വലിയ തുക വീണ കൈകാര്യംചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 20 കോടി രൂപയിലധികം മൂല്യമുള്ള ഇടപാടുകളുടെ കൈയെഴുത്ത് കണക്കുകൾ ഇഡി കണ്ടെടുത്തു.

കഴിഞ്ഞ മെയ് 27-ന് വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡയറിയിലെ ഒന്നുമുതൽ ഒൻപത് വരെയുള്ള പേജുകൾ കേസിൽ നിർണായകമാണെന്ന് ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ കണക്കുകൾ പ്രകാരം 85 ലക്ഷത്തോളം ഇന്ത്യൻ രൂപ ദുബായിലേക്ക് കൈമാറിയതായും ഇഡി പറയുന്നു. ദിർഹം രൂപത്തിലാണ് ഈ തുക വിദേശത്തേക്ക് അയച്ചിരിക്കുന്നത്.

കൂടാതെ, മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ച് ഇന്റർനെറ്റ് കോളുകൾ നടത്തിയതായും ഇഡി സംശയിക്കുന്നു. ഇതിനായി ഉപയോഗിച്ച സിം കാർഡിന്റെ ഫോട്ടോയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം കോഴിക്കോട്ട് മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇഡി ഈ വിവരങ്ങൾ വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടത്. വീണയെ ഇതിനോടകം രണ്ടുതവണ ചോദ്യംചെയ്തിരുന്നു. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ വീണയെ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും ഇഡി അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.