പ്രവീൺകുമാർ, ഡാളസ്
ലോകമെമ്പാടും 75 പ്രൊവിൻസുകളും ആറ് റീജിയനുകളും ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു സംഘടനയുടെ പേരിൽ ആഗോള സമ്മേളനം നടത്തുമ്പോൾ, ആ സംഘടനയുടെ യഥാർഥ ജനപിന്തുണയും സംഘടനാശക്തിയും തെളിയേണ്ട വേദിയാണ് അത്. എന്നാൽ ഡാളസിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ വിമത വിഭാഗത്തിന്റെ ആഗോള സമ്മേളനം അതിനേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം അതിഥികളും പ്രതിനിധികളും ഉൾപ്പെടെ പങ്കെടുത്തത് ഏകദേശം 30 പേർ. ഹോട്ടലിൽ റിസർവ് ചെയ്തതും ഏതാണ്ട് 30 മുറികൾ. 75 പ്രൊവിൻസുകളും ആറ് റീജിയനുകളും പ്രതിനിധീകരിക്കുന്ന ഒരു ‘ആഗോള’ സംഘടനയുടെ സമ്മേളനമാണെങ്കിൽ ഈ കണക്കുകൾ സ്വാഭാവികമായും ചർച്ചയാകും.
സംഘടനയുടെ ശക്തി ലോഗോയിലോ പേരിലോ വലിയ അവകാശവാദങ്ങളിലോ അല്ല. അംഗങ്ങളിലാണ്. പ്രൊവിൻസുകളുടെ സജീവതയിലാണ്. റീജിയനുകളുടെ പങ്കാളിത്തത്തിലാണ്. പൊതുസമൂഹത്തിന്റെ വിശ്വാസത്തിലാണ്.
അതിലും ഗൗരവമുള്ള മറ്റൊരു വിഷയം സംഘടനയുടെ പേരും ലോഗോയും സംഘടനാപരമായ തിരിച്ചറിയലും സംബന്ധിച്ച തർക്കങ്ങളാണ്. ഒരു ആഗോള സംഘടനയുടെ പൊതുവായ തിരിച്ചറിയൽ ഏതെങ്കിലും റീജിയന്റെയോ വിഭാഗത്തിന്റെയോ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, അതിന്റെ നിയമപരവും സംഘടനാപരവുമായ സ്ഥിതി അംഗങ്ങളോട് സുതാര്യമായി വിശദീകരിക്കേണ്ട ഉത്തരവാദിത്വം നേതൃത്വത്തിനുണ്ട്.
ഒരു പിരമിഡ് ഉയരുന്നത് അതിന്റെ മുകളിലെ ഏതാനും പേരുകളാൽ അല്ല; വിശാലമായ അടിത്തറ കൊണ്ടാണ്. ആ അടിത്തറ എവിടെയെന്ന് ഡാളസ് സമ്മേളനം ചോദിപ്പിക്കുന്നു.
വ്യക്തിപരമായ തർക്കങ്ങളും അധികാരമത്സരങ്ങളും മാറ്റിവച്ച് അംഗങ്ങളുടെ മുന്നിൽ യഥാർഥ കണക്കുകൾ അവതരിപ്പിക്കണം. എത്ര സജീവ പ്രൊവിൻസുകൾ? എത്ര അംഗങ്ങൾ? എത്ര പ്രതിനിധികൾ? ഏതു റീജിയനുകൾ പങ്കെടുത്തു? പേരിന്റെയും ലോഗോയുടെയും നിയമപരമായ അവകാശം ആരുടേത്? ഈ ചോദ്യങ്ങൾക്ക് രേഖകളോടെ മറുപടി പറയുകയാണ് വേണ്ടത്.
പ്രവാസി മലയാളികളുടെ പേരിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് വിശ്വാസ്യതയാണ് ഏറ്റവും വലിയ മൂലധനം. അത് നഷ്ടപ്പെട്ടാൽ വലിയ പേരുകളും പദവികളും സമ്മേളനങ്ങളും കൊണ്ട് മാത്രം ഒരു സംഘടനയെ നിലനിർത്താനാവില്ല.
ഇനിയെങ്കിലും ഈ അവകാശവാദങ്ങളുടെ കളി അവസാനിപ്പിക്കണം.
കണക്കുകൾ തുറന്നുവയ്ക്കുക. രേഖകൾ പുറത്തുവിടുക. അംഗങ്ങൾ തീരുമാനിക്കട്ടെ — യഥാർഥ ശക്തി ആരുടേതെന്ന്.
Leave a Comment
Your comment will be visible after admin approval.