തിരുവനന്തപുരം: കെ. കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അദ്ദേഹവുമായി ഇപ്പോൾ നല്ല ബന്ധമാണെന്നും ലീഡർ ഇല്ലാത്ത സമയത്ത് പരസ്പരം വഴക്കിടുന്നതിൽ പ്രസക്തിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അനിൽ ആന്റണിയും പത്മജ വേണുഗോപാലും കോൺഗ്രസ് വിട്ടുപോയപ്പോൾ വിഷമമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ വാക്കുകൾ:
കെ. മുരളീധരനുമായി ഇപ്പോൾ നല്ല ബന്ധമാണ്. നല്ല സൗഹൃദമാണ്. ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല. ലീഡറുടെ (കെ. കരുണാകരൻ) മരണത്തിനു ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാക്കരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ആ ചാപ്റ്റർ കഴിഞ്ഞു. ലീഡർ ഇല്ലാത്ത സമയത്ത് ഞങ്ങൾ തമ്മിൽ വഴക്കിടുന്നതിൽ പ്രസക്തിയില്ല.
പത്മജ കോൺഗ്രസ് വിട്ടു പോകരുതായിരുന്നു. കോൺഗ്രസ് പാർട്ടിക്കുവേണ്ടി ജീവിതം മുഴുവൻ ഉഴിഞ്ഞു വെച്ച നേതാവായിരുന്നു കെ. കരുണാകരൻ. അദ്ദേഹത്തിന്റെ മകൾ പാർട്ടി വിട്ടു പോകുമ്പോൾ വിഷമമുണ്ട്. എ.കെ. ആന്റണിയുടെ മകൻ പാർട്ടി വിട്ടുപോയപ്പോഴും വിഷമമുണ്ട്. അങ്ങനെ പാടില്ല.
അവസരങ്ങളാണ് നേതാക്കളെ ഉണ്ടാക്കുന്നത്. കിട്ടുന്ന അവസരങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നവരാണ് നേതൃത്വത്തിലേക്ക് പലപ്പോഴും കടന്നു വരുന്നത്. കോൺഗ്രസ് എല്ലാവർക്കും അവസരം നൽകുന്ന പാർട്ടിയാണ്, പ്രത്യേകിച്ച് ചെറുപ്പക്കാർക്ക്. എന്നെ 25ാം വയസ്സിലാണ് എംഎൽഎ ആക്കിയത്. 28ാം വയസ്സിലാണ് മന്ത്രിയാക്കുന്നത്. ഇത്രയും കൂടുതൽ ചെറുപ്പക്കാർക്ക് അവസരം നൽകിയ മറ്റൊരു പാർട്ടി ഉണ്ടോ എന്ന് എനിക്ക് സംശയമാണ്. നേതൃത്വം എന്ന് പറയുന്നത് അവസരങ്ങളിലൂടെ ഉയർന്നുവരുന്നവരാണ്.
Leave a Comment
Your comment will be visible after admin approval.