നായർ ബെനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വേറിട്ട അനുഭവമായി

Global Indian Writer · August 28, 2026 · 1 min read · 0 Comments · 0 Shares

ന്യൂയോര്‍ക്ക്: നായർ ബെനവലന്റ് അസോസിയേഷന്റെ 45-ാമത് ഓണാഘോഷവും അതിനോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശന കർമ്മവും ആഗസ്റ്റ് 23-ാം തീയതി ശനിയാഴ്ച് ക്വീൻസിലുള്ള വിരാജ് ഓഡിറ്റോറിയത്തിൽ വെച്ച് അതിവിപുലമായി ആഘോഷിച്ചു. ചടങ്ങിൽ ന്യൂയോർക്കിലെ രാഷ്ട്രീയ സാമൂദായിക നേതാക്കൾ, കലാ സാംസ്കാരിക നേതാക്കൾ തുടങ്ങി നൂറു കണക്കിന് പേര്‍ പങ്കെടുത്തു. താലപ്പൊലിയേന്തിയ ബാലികമാരുടെയും, വാദ്യഘോഷങ്ങളുടെയും, നൂറു കണക്കിന് ആളുകളുടേയും അകമ്പടിയോടെ മഹാബലിയെ വരവേറ്റു. മഹാബലിയായി വേഷമിട്ടത് ഗിന്നസ് അവാർഡ് ജേതാവ് അപ്പുക്കുട്ടൻ പിള്ളയായിരുന്നു.

തുടര്‍ന്ന് മഹാബലിയുടെ ഓണാശംസകള്‍ക്കു ശേഷം എന്‍ബി‌എയുടെ വനിതകള്‍ അവതരിപ്പിച്ച തിരുവാതിര എല്ലാവരെയും ഹഠാദാകർഷിച്ചു. ലോംഗ് ഐലന്റ് നാസ്സൗ കൗണ്ടി നോർത്ത് ഹെംഹസ്റ്റഡ് ടൗൺ എക്സിക്യൂട്ടീവ് രാഗിണി ശ്രീവാസ്തവ, ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റ് അഡ്മിനിസ്ട്രേറ്റർ ശാന്തനു ശർമ്മ, സുപ്രീം കോടതി ജഡ്ജി രാജ രാജേശ്വരി, സ്വാമി ചിന്മയാനന്ദപുരി സ്ഥാപിച്ച സേജ് എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്‌ രാജീവ്‌ ഭാസ്കരൻ, ന്യൂയോർക്ക് സ്റ്റേറ്റ് അസ്സംബ്ലി പ്രതിനിധി കോശി തോമസ് എന്നീ വിശിഷ്ടാതിഥികള്‍ ചടങ്ങിൽ പങ്കെടുത്തു.

കുമാരി ദിവ്യ ശർമ്മ അമേരിക്കൻ ദേശീയ ഗാനമാലപിച്ചു. ദിവ്യ ശര്‍മ്മയുടെ ഈശ്വര പ്രാർഥനയ്ക്കു ശേഷം എന്‍ ബി എയുടെ പ്രഥമ വനിത വത്സ കൃഷ്ണ ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് ആരംഭം കുറിച്ചു.

പ്രസിഡന്റ്‌ ക്രിസ് പിള്ള തോപ്പിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം സെക്രട്ടറി രഘുവരൻ നായരുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.

വിശിഷ്ഠാതിഥി രാഗിണി ശ്രീവാസ്തവയ്ക്ക് പബ്ലിക് സർവീസിനുള്ള പ്രത്യേക അവാർഡ് പ്രസിഡന്റ്‌ ക്രിസ് പിള്ള തോപ്പിൽ സമ്മാനിച്ചു. പൊതു സമ്മേളനത്തിനു ശേഷം തൂശനിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരും ആസ്വദിച്ചു.

ഉച്ചക്ക് ശേഷം നടന്ന കലാപരിപാടികൾ ആസൂത്രണം ചെയ്തത് കല മേനോൻ ആയിരുന്നു. ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍ വനജ നായർ എല്ലാവർക്കും ആശംസകൾ നേർന്നു. ട്രഷറർ പ്രദീപ്‌ മേനോൻ കൃതജ്ഞത രേഖപ്പെടുത്തി.

വേദ ശബരിനാഥിന്റെ മോഹിനിയാട്ടത്തോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. നൂപുര ഡാൻസ് അക്കാദമി അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ കാണികളുടെ മനസിന് കുളുർമയേകി. നേഹൽ ശബരിനാഥിന്റെ വയലിൻ കച്ചേരി, ശബരിനാഥിന്റെയും, രവി നായരുടെയും, പ്രഭാകരൻ നായരുടെയും ഇമ്പമാർന്ന ഗാനങ്ങൾ കാണികളെ ഹർഷപുളകിതരാക്കി. ദേശീയ ഗാനാലാപനത്തോടെ പരിപാടികൾ സമാപിച്ചു.

വാര്‍ത്ത: ജയപ്രകാശ് നായര്‍

Share this story

Leave a Comment

Your comment will be visible after admin approval.