തൃശൂർ: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളുടെ ചിത്രം ബ്രൂണൈയിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ കേസിൽ വീണ്ടും ട്വിസ്റ്റ്. പുറത്തുവന്ന പാസ്‌പോർട്ട് ചിത്രത്തിലുള്ളയാൾ സുകുമാരക്കുറുപ്പല്ലെന്നും ചിത്രം തൃശൂർ സ്വദേശി ദാമോദര മേനോന്റേതാകാമെന്നുമുള്ള സൂചനയുമായി ബന്ധുക്കൾ രംഗത്ത്. വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോനാണ് ചിത്രത്തിലുള്ളതെന്നാണ് ബന്ധുക്കളുടെ അവകാശവാദം. വർഷങ്ങൾക്ക് മുമ്പ് വിദേശത്തേക്ക് പോയ ദാമോദര മേനോൻ നിലവിൽ ബ്രൂണൈയിലാണെന്നും ബന്ധുക്കൾ പറയുന്നു. പുറത്തുവന്ന ചിത്രം കണ്ടാണ് തങ്ങളുടെ സഹോദരനെ തിരിച്ചറിഞ്ഞതെന്നും കുടുംബം വ്യക്തമാക്കുന്നു.
ദാമോദര മേനോന്റെ സഹോദരനും മറ്റൊരു ബന്ധുവുമാണ് ചിത്രം കണ്ടത്. വർഷങ്ങളായി അദ്ദേഹവുമായി നേരിട്ടുള്ള ബന്ധം കുറവായിരുന്നെങ്കിലും ചിത്രത്തിലെ മുഖസാദൃശ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംശയം ഉയർന്നതെന്നാണ് വിവരം.
ദാമോദര മേനോൻ ബ്രൂണൈയിൽ മറ്റൊരു പേരിൽ കഴിഞ്ഞിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ‘ജോൺ മേനോൻ’ എന്ന പേരിൽ പാസ്‌പോർട്ട് എടുത്താണ് അവിടെ കഴിഞ്ഞിരുന്നതെന്നാണ് ബന്ധുക്കളുടെ ഭാഗത്തുനിന്നുള്ള വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബ്രൂണൈയിൽ സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള ഒരാളെ കണ്ടെത്തിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാളുടേതെന്ന് പറയപ്പെടുന്ന പാസ്‌പോർട്ട് ചിത്രവും ചർച്ചയായത്. ചിത്രം സുകുമാരക്കുറുപ്പിന്റേതാണോ എന്നതിൽ വ്യക്തത വരുന്നതിന് മുമ്പുതന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Leave a Comment
Your comment will be visible after admin approval.