ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിദേശകാര്യമന്ത്രി എസ് ജയശങ്കറേയും അഭിനന്ദിച്ച് ഡോ. ശശി തരൂര്‍ എംപി. നേപ്പാള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഇരുവരും വിദേശകാര്യ മന്ത്രാലയവും ഇതുവരെ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. നേപ്പാളിന് ഇന്ത്യ നല്കുന്ന സഹായം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് ശശി തരൂര്‍ അയച്ച കത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള ഇടപെടല്‍ മാറ്റങ്ങളുണ്ടാക്കിയെന്ന് കത്തില്‍ ശശി തരൂര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ഇതില്‍ കേന്ദ്രത്തെ അഭിനന്ദിക്കുന്നുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടികളെ പ്രകീര്‍ത്തിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട കത്ത് ശശി തരൂര്‍ അയച്ചിരിക്കുന്നത്.
മിന്നല്‍ പ്രളയത്താല്‍ ദുരന്ത ഭൂമിയായി മാറിയ നേപ്പാളില്‍ എന്‍ഡിആര്‍എഫ് സംഘത്തെ വിന്യസിക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ശശി തരൂര്‍ കത്തിലൂടെ മുന്നോട്ട് വച്ചിട്ടുണ്ട്. കരസേനയുടെ എഞ്ചിനീയറിങ് വിഭാഗത്തെ വിനിയോഗിക്കണം എന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.
Leave a Comment
Your comment will be visible after admin approval.