സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. ജാഗ്രത മുന്നറിയിപ്പ് നൽകുകയാണ് ദുരന്തനിവാരണ അതോറിറ്റി. പുനലൂരും കോട്ടയത്തും ഇന്നലെയും ഉയർന്ന താപനില രേഖപ്പെടുത്തി. എന്നാൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമർദ്ദമായി രൂപാന്തരപ്പെടാനുള്ള സാധ്യതയുണ്ട്. നാളെ ആലപ്പുഴ, എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുണ്ട്.
കൊല്ലം ജില്ലയിലെ പുനലൂരാണ് കഴിഞ്ഞദിവസം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 35.2 ഡിഗ്രി സെൽഷ്യസ് ആണ് പുനലൂരിൽ രേഖപ്പെടുത്തിയത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
പകൽ 11 മുതൽ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണമെന്നും നിർദേശം. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.